വടകര: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കേക്കുകളുടെയും മറ്റ് പലഹാരങ്ങളുടെയും നിർമാണം സജീവമാകുന്നതിനിടെ വടകരയിലെ ബേക്കറി നിർമാണശാലയിൽ ഗുരുതരമായ ശുചിത്വവീഴ്ച കണ്ടെത്തി. പുതിയ സ്റ്റാൻഡിലെ ന്യൂ ലവ്‌ലി ബേക്കറിയിൽ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കേക്കുകളും പലഹാരങ്ങളും നിർമിക്കുന്നതായി കണ്ടെത്തിയത്. വയറിളക്ക രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തോട് താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവിഭാഗം നിർദേശം നൽകി.

ആവശ്യമായ ലൈസൻസില്ലാതെയും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പലഹാര നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും നടത്തിയിരുന്നില്ല. നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം, അപ്പക്കൂടിന് സമീപം കൊതുകുകൾ വളരാനുള്ള സാഹചര്യം, പഴക്കമേറിയതും വൃത്തിഹീനവുമായ അലൂമിനിയം പാത്രങ്ങളിൽ കേക്ക് നിർമിക്കൽ തുടങ്ങിയ വീഴ്ചകളും കണ്ടെത്തി. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ചോറോട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.പി. സുനിൽ പള്ളിക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ജി. ചെറിയാൻ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ മുന്നറിയിപ്പ് നൽകി. ക്രിസ്മസ് വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന കേക്കുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വാങ്ങുമ്പോൾ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. വെള്ളം നന്നായി തിളപ്പിച്ച് തണുപ്പിച്ചശേഷം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.