ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സുസ്ഥിര ഊർജ ഗവേഷണരംഗത്തെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൂടെ ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രശംസ നേടി മലയാളി ശാസ്ത്രജ്ഞ ഡോ. ലെഥി കൃഷ്ണൻ ജഗദമ്മ. സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ഫിസിക്സ് വിഭാഗത്തിൽ റീഡറും യുകെആർഐ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോയുമായ ഡോ. ലെഥിയെ, യുകെയിലെ സർവകലാശാലകളുടെ സംഘടനയായ യൂണിവേഴ്സിറ്റീസ് യുകെ തിരഞ്ഞെടുത്ത 50 ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ അഭിനന്ദിച്ച് നവംബർ 17ന് നോർത്ത് ഈസ്റ്റ് ഫൈഫിലെ എംപിയായ വെൻഡി ചേംബർലെയ്ൻ ഹൗസ് ഓഫ് കോമൺസിൽ പ്രമേയം അവതരിപ്പിച്ചു. വെളിച്ചം, ചൂട്, ചലനം എന്നിവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന നൂതന വസ്തുക്കളെക്കുറിച്ചുള്ള ലെഥിയുടെ ഗവേഷണത്തെയാണ് പാർലമെന്റ് പ്രത്യേകം പ്രശംസിച്ചത്.

അൾട്രാ തിൻ മെറ്റീരിയലുകൾ ഉപയോഗിച്ച് ചുറ്റുപാടുകളിൽനിന്ന് ഊർജം ശേഖരിക്കുന്ന സാങ്കേതികവിദ്യയാണ് ഡോ. ലെഥിയുടെ ഗവേഷണത്തിന്റെ പ്രധാന മേഖല. പരമ്പരാഗത ബാറ്ററികളുടെ സഹായമില്ലാതെ വയർലെസ് സെൻസറുകൾ പ്രവർത്തിപ്പിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. സ്മാർട്ട് സിറ്റികൾ, കെട്ടിടങ്ങൾ, ആരോഗ്യപരിചരണ സംവിധാനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന കോടിക്കണക്കിന് സെൻസറുകൾക്ക് ആവശ്യമായ ഊർജം ചുറ്റുപാടുകളിൽ നിന്നുതന്നെ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററികളുടെ ഉപയോഗം കുറയ്ക്കാനും ഇലക്ട്രോണിക് മാലിന്യം നിയന്ത്രിക്കാനും പരിപാലനച്ചെലവ് കുറയ്ക്കാനും ഈ ഗവേഷണം സഹായകമാകും. അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച ലെഥി, സെന്റ് ആൻഡ്രൂസ് സർവകലാശാലയും ഫിസിക്സ് ആൻഡ് അസ്ട്രോണമി വിഭാഗവും നൽകിയ പിന്തുണയും ഗവേഷണ സൗകര്യങ്ങളും എടുത്തുപറഞ്ഞു. 2025ൽ സ്കോട്ടിഷ് എന്റർപ്രൈസിന്റെ ഹൈ ഗ്രോത്ത് സ്പിൻ ഔട്ട് ഫീമെയിൽ ഫൗണ്ടേഴ്സ് ഫണ്ടിങ്ങും ലെഥിക്ക് ലഭിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ത്ക്ലൈഡിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ലെഥി, കേരള സർവകലാശാലയിലെ ഒപ്റ്റോഇലക്ട്രോണിക്സ് വിഭാഗത്തിലാണ് ഉപരിപഠനത്തിന് മുമ്പുള്ള പഠനം പൂർത്തിയാക്കിയത്. ഓർഗാനിക് സെമികണ്ടക്ടർ സെന്ററിലെ റിസർച്ച് ഫെലോ ആയാണ് സെന്റ് ആൻഡ്രൂസിൽ ഗവേഷണജീവിതം ആരംഭിച്ചത്. പിന്നീട് മേരി ക്യൂറി ഫെലോയും യുകെആർഐ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോയുമായി. 300ലധികം നാമനിർദേശങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 50 ഗവേഷകരുടെയും സംരംഭകരുടെയും പട്ടികയിൽ ഉൾപ്പെട്ടത് ലെഥിയുടെ നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു. ബ്രിട്ടനിലെ സർവകലാശാലകളുടെ പിന്തുണയോടെ സമൂഹത്തിന് പ്രയോജനകരമായ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ കേരളത്തിനും യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് ഡോ. ലെഥി കൃഷ്ണൻ.











Leave a Reply