ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രി: ലണ്ടനിൽ നടന്ന സംഗീതോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കവൻട്രിയിലെ മൃദംഗ കലാകാരൻ ആകാശ് മോട്ടോർവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബെഡ്ഫോർഡിന് സമീപം എം1 മോട്ടോർവേയിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മോശം കാലാവസ്ഥയിൽ സഞ്ചരിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ ട്രക്ക് ആകാശിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസമയത്ത് കാറിൽ ആകാശ് തനിച്ചായിരുന്നുവെന്നാണ് കരുതുന്നത്.
ലണ്ടൻ സംഗീതോത്സവത്തിൽ മണിക്കൂറുകളോളം മൃദംഗമേളത്തിന് നേതൃത്വം നൽകിയ ശേഷം രാത്രി വൈകിയാണ് ആകാശ് കവൻട്രിയിലേക്ക് മടങ്ങിയത്. മിൽട്ടൺ കെയ്ൻസിനും ബെഡ്ഫോർഡിനും ഇടയിൽ ജങ്ഷൻ 12-ന് സമീപമായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് എം1 മോട്ടോർവേയുടെ ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തെക്കുറിച്ച് ഹൈവേ പൊലീസും അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചുമണിയോടെ കവൻട്രിയിലെ ആകാശിന്റെ താമസസ്ഥലത്തെത്തിയ പൊലീസ് കൂടെ താമസിക്കുന്നവരെ മരണവിവരം അറിയിക്കുകയായിരുന്നു.
കവൻട്രിയിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു ആകാശ്. വിവിധ പൊതുപരിപാടികളിലും സാംസ്കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം യുകെയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അയ്യപ്പ പൂജകളിലും ഭജനകളിലും മൃദംഗം വായിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലിങ്കണിൽ മേയർ ഉൾപ്പെടെ പങ്കെടുത്ത അയ്യപ്പ പൂജയിലും ആകാശ് മേളമൊരുക്കിയിരുന്നു. കവൻട്രി മലയാളി സംഘടനയുടെ കായികമേളയിലും സമ്മാനങ്ങൾ നേടിയിട്ടുള്ള ആകാശിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും മലയാളി സമൂഹത്തിനും വലിയ ആഘാതമായി.
ആകാശിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.










Leave a Reply