അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കേസുകള്‍ നല്കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുപറഞ്ഞുകൊണ്ട് രാമചന്ദന്റെ കുടംബം മുഖ്യമന്ത്രിക്ക് അപേക്ഷ നല്കി.നിലവിൽ ഒരു ബാങ്കുമായുള്ള കേസിൽ മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകൾ യുഎഇയിലെ കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഈ സമയം തന്നെയാണ് കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ശ്രമം നടത്തിയത്. ഇതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷത്തിലേറെ ജയിലിൽ കഴിയേണ്ട അവസ്ഥ ഉണ്ടായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങൾ മലയാളികൾ സജീവമാക്കുമ്പോൾ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു.
അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്കിയ ചെക്കുകള്‍ മടങ്ങിയതിനെതുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ പോലീസ് അറസ്റ്റുചെയതത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്കിയ കേസിലായിരുന്നു അറസ്റ്റിലായെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18മാസമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.
ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ ജയില്‍ മോചനം എളുപ്പത്തിലാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നു പറഞ്ഞുകൊണ്ട് സംസ്ഥാനസര്‍ക്കാരിനുനല്‍കിയ അപേക്ഷയില്‍ ഉടന്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.