ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് ഓസ്ട്രേലിയന്‍ ദിനപത്രം. ദ ഡെയ്ലി ടെലഗ്രാഫാണ് വിരാട് കോഹ്ലിയെ ട്രംപുമായി താരതമ്യപ്പെടുത്തിയത്.
ലോക കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട് കോഹ്ലി, ട്രംപ് എന്തു ചെയ്താലും ആരും ഒന്നും ചോദിക്കില്ല. കോഹ്ലിയുടെ കാര്യവും അതുപോലെ തന്നെയാണ്. സ്റ്റീവ് സ്മിത്തിനെ ചതിയനെന്ന് വ്യംഗമായി അധിക്ഷേപിച്ച കോഹ്ലിക്കെതിരെ നടപടിയെടുക്കാന്‍ ഐ.സി.സിയോ ഇന്ത്യന്‍ ബോര്‍ഡോ ധൈര്യപ്പെടില്ല
ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു
സത്യത്തിനെതിരേ മുഖംതിരിക്കുന്ന ട്രംപിന്റെ സ്വഭാവമാണ് കോഹ്ലിക്കുള്ളതെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് കോഹ്ലിയുടെ ശ്രമമെന്നും പത്രം കളിയാക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുമാധ്യമങ്ങളും സമാനനിലപാടാണ് കൈക്കൊണ്ടത്. മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഇയാന്‍ ഹീലി, മിച്ചല്‍ ജോണ്സണ് തുടങ്ങിയവരും വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെങ്കിലും കോഹ്ലി വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയാണെന്നാണ് ഓസ്ട്രേയിയന്‍ ക്രിക്കറ്റ് ലോകത്തിന്റെ പ്രധാന ആക്ഷേപം.
കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള് തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.