ലണ്ടന്‍: വര്‍ണ്ണ ബലൂണുകള്‍ പറപ്പിക്കുന്നത് ഏതൊരു ആഘോഷത്തിന്റെയും ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവ മൂലമുണ്ടാകുന്ന മലിനീകരണത്തേക്കുറിച്ച് ആശങ്കകള്‍ ഉയരുന്നതോടെ ഇവ നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബലൂണ്‍ മാലിന്യം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മരണക്കുരുക്കാകുന്നുണ്ടെന്ന് മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബലൂണ്‍ മൂലം ബീച്ചുകള്‍ മലിനമാകുന്നതിന്റെ നിരക്ക് 2015നെ അപേക്ഷിച്ച് 53 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് സൊസൈറ്റി വ്യക്തമാക്കുന്നത്.
ബലൂണുകളും സ്‌കൈ ലാന്റേണുകളും പറത്തുന്നത് നിരോധിക്കാമെന്ന് 50ഓളം ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചിട്ടുണ്ട്. ബലൂണുകള്‍ ലാറ്റെക്‌സിനാല്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക് പോലെ ഉപദ്രവകാരില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെ നിര്‍ദോഷകാരിയല്ല ബലൂണുകള്‍ എന്ന് എംസിഎസ് ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിന്റെ സാഹചര്യങ്ങളില്‍ ബലൂണ്‍ അവശിഷ്ടങ്ങള്‍ നാല് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന് എംസിഎസ് പ്രതിനിധി എമ്മ കണ്ണിംഗ്ഹാം പറയുന്നു.
പറന്നുയരുന്ന 13 ശതമാനം ബലൂണുകള്‍ മാത്രമേ പൊട്ടിത്തകരുന്നുള്ളൂ. 80 ശതമാനവും കേടുപാടുകള്‍ ഒന്നുമില്ലാതെ തിരികെ താഴെയെത്തുന്നു. ബലൂണ്‍ ചരട് കുരുങ്ങി ശ്വാസം മുട്ടി മരിച്ച കുതിരയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബിബിസി സംപ്രേഷണം ചെയ്തിരുന്നു. എന്തായാലും ലോക്കല്‍ അതോറിറ്റികള്‍ അനുകൂല നിലപാടുമായി രംഗത്ത് വന്നത് ആശ്വാസകരമാണെനന് എംസിഎസ് പറയുന്നു.