ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹോം ഓഫീസ് നടത്തുന്ന റെയ് ഡ് പുരോഗമിക്കുന്നു. മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകളെ കണ്ടെത്തി തക്കതായ നടപടികൾ സ്വീകരിക്കുവാനാണ് റെയ്ഡ് നടത്തുന്നത്. നിയമവിരുദ്ധ ജോലികളിൽ ഏർപ്പെടുന്ന ആളുകളാണ് ഇതിൽ ഏറെയും. ഡെലിവറൂ, ജസ്റ്റ് ഈറ്റ്, യൂബർ ഈറ്റ്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി ഡ്രൈവർമാരെയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ അറസ്റ്റ് ചെയ്തത്. ഇതിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഇവരിൽ നിന്ന് ക്രിമിനൽ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയുധങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ മോപ്പഡ് ഡെലിവറി ഡ്രൈവർമാർക്കുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തുന്നതിന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഓപ്പറേഷന് മുന്നോടിയായി വിപുലമായ അന്വേഷണം നടത്തി മതിയായ രേഖകൾ ശേഖരിച്ചിരുന്നു. ഏപ്രിൽ 16 മുതൽ 21 വരെ നീണ്ടു നിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടിയത്.

നികുതിയും മറ്റ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് എല്ലാ കമ്പനികളും തൊഴിലാളികളും യുകെയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയമവിരുദ്ധമായ ജോലികൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. യുകെയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ ഇത്തരത്തിൽ ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ നിയമങ്ങളും അതിർത്തികളും ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.