കുഞ്ചെറിയ മാത്യു
മലയാള സിനിമയിലെ താരരാജാക്കന്മാരുടെയും പ്രമാണിമാരുടെയും അധീശത്വവും പ്രമാണിത്വവും പരസ്യമായ രഹസ്യമാണ്. തിരുവായ്ക്ക് എതിര്‍വാ പാടില്ലെന്നുള്ളതാണ് മലയാള സിനിമയിലെ അലിഖിത നിയമം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നടീനടന്മാരും താര രാജാക്കന്മാരുടെയും പ്രമാണികളുടെയും ഇംഗിതത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വഴങ്ങി കൊടുക്കാതിരിക്കുകയും എതിര് നില്‍ക്കുകയും ചെയ്താല്‍ എത്ര പ്രതിഭയുള്ളവരാണെങ്കിലും സിനിമാ ലോകത്തെ കരിയര്‍ അവസാനിക്കാന്‍ മറ്റൊരു കാരണവും തേടിപ്പോകണ്ടതില്ല.
എന്നാല്‍ മലയാള സിനിമയിലെ മാഫിയാ വാഴ്ചയ്ക്ക് ചെറിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സംവിധായകന് വിനയനെതിരെ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ കനത്ത പിഴ ചുമത്തി. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന് തുടങ്ങിയവരും പിഴ അടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയും ഇന്നസെന്റ് 51,000 രൂപയും സിബിമലയില്‍ 61,000 രൂപയും പിഴയായി നല്‍കണം.
വിനയന് അനുകൂലമായ വിധി ഉണ്ടായെങ്കിലും തന്റെ 8 വര്‍ഷത്തെ ചലച്ചിത്ര ജീവിതം അപ്രഖ്യാപിത വിലക്ക് നശിപ്പിച്ചെന്ന് വിനയന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരിതപിച്ചിരുന്നു. നിയമപരമായ പോരാട്ടത്തിന് വിനയന് മാത്രമേ ഇറങ്ങിത്തിരിച്ചുള്ളുവെങ്കിലും ‘ഒറ്റപ്പെടുത്തലും’ ‘അപ്രഖ്യാപിത’വിലക്കും ഒറ്റപ്പെട്ട സംഭവങ്ങളല്ല. മലയാള സിനിമ കണ്ട എക്കാലത്തെയും പ്രതിഭയായ തിലകനും ഭാവനയുമെല്ലാം വിലക്കിന്റെയും താര പ്രമാണികളുടെ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ഇരകളാണ്. സലീം കുമാറിനെപ്പോലുള്ള നടന്മാര്ക്കും പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും താരരാജാക്കന്മാരുടെ അപ്രമാദിത്വത്തിന് ഏറ്റ ഒരു തിരിച്ചടിയാണ് കോംപറ്റീഷന്‍ കമ്മീഷന്റെ പിഴ ചുമത്താനുള്ള തീരുമാനം.
	
		

      
      



              
              
              



