മലയാളം യുകെ ന്യൂസ് ടീം

ലെസ്റ്റർ മലയാളി കമ്യൂണിറ്റി ആതിഥ്യമരുന്ന മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റിലും നഴ്സസ് ദിനാഘോഷത്തിലും സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി ആയി പങ്കെടുക്കും. വിവിധ അവാർഡുകൾ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യുകയും സന്ദേശം നല്കുകയും ചെയ്യും. സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും അവാർഡ് നൈറ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിൻെറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.

ലെസ്റ്ററിലെ പ്രശസ്തമായ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ്  മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് അരങ്ങേറുക. ആയിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ടിവി അവാര്‍ഡ് നൈറ്റ് സ്റ്റേജ് പ്രോഗ്രാം പൂര്‍ണ്ണമായും സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത്   ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം.

നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ്  പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിൻെറ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിൻെറ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.