ഡനെഗൽ/ അയർലൻഡ്: പ്രവാസി നഴ്സുമാരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവർ ഇപ്പോൾ അനുഭവിക്കുന്നത് അവർണ്ണനീയമായ ജീവിത പ്രതിസന്ധികളാണ്. കോവിഡ് എന്ന വൈറസ് ഭീതി പരാതി ലോക ജനതയെ കീഴ് പ്പെടുത്തികൊണ്ടിരിക്കുന്നു. രണ്ടായിരത്തിൽ തുടങ്ങിയ മലയാളി നഴ്‌സുമാരുടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും നടക്കുന്നു.

എന്നാൽ കോവിഡ് വൈറസ്സ് യൂറോപ്പിൽ പിടിമുറുക്കിയതോടെ ഇവരുടെ ജീവിതത്തിൽ ഇരുൾ നിറക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു പ്രവാസി മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിക്കുന്ന ഒരു വീഡിയോ ആണ് പ്രവാസി മലയാളികളുടെ മനസിനെ മഥിക്കുന്നത്. ഇത് കാണുന്ന ഓരോരുത്തരും തങ്ങളുടെ തന്നെ ജീവിതമാണ് എന്ന സത്യം തിരിച്ചറിയുന്നു. കോവിഡ് എന്ന വൈറസ് പടരുമ്പോൾ ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം എന്തെന്ന് ഈ വീഡിയോ പുറം ലോകത്തിന് കാണിച്ചു തരുന്നു. അയർലണ്ടിൽ ഉള്ള ഡനെഗൽ കൗണ്ടിയിലെ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ബെറ്റ്‌സി എബ്രഹാം, അയർലഡിൽ തന്നെ ഒരു സ്ഥാപനത്തിൽ മാനേജർ ആയ ഭർത്താവ് ലിജോ ജോയിയും രണ്ട് മക്കളും പ്രവാസി മലയാളി ജീവിതത്തെ തുറന്നു കാട്ടുന്നു.

ബാംഗളൂരിൽ ജനിച്ചു വളർന്ന ബെറ്റ്‌സി എബ്രഹാം, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ എല്ലാമായ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അഞ്ച് വയസ് മാത്രം പ്രായമായ സഹോദരൻ. ബാല്യകാലത്തിൽ അങ്ങളെയും എടുത്തുപിടിച്ച് കളിപ്പിച്ചത് കളികളോട് ഉള്ള താല്പര്യം കൊണ്ടല്ല മറിച്ച് അമ്മയെ സഹായിക്കാൻ വേണ്ടിയാണ്, ആശ്വാസമേകാൻ വേണ്ടിയാണ്. കുടുംബത്തിന്റെ എല്ലാമായ ബിസിനസ് നടത്തുകയായിരുന്ന പിതാവിന്റെ വേർപാട് അമ്മയെ തളർത്തരുത് എന്ന കൊച്ചുമനസിലെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ബെറ്റ്‌സി എബ്രഹാം. ബെറ്റ്‌സി എബ്രഹാമിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ ഭർത്താവായ ലിജോ മലയാളം യുകെയുമായി പങ്കുവെക്കുകയായിരുന്നു.

ബാംഗ്ലൂരിലെ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറിയ ബെറ്റ്‌സിയുടെ കുടുംബം ചെങ്ങന്നൂരിൽ ആണ് താമസമാക്കിയത്. തുടർ പഠനം അവിടെ തന്നെ. താങ്ങായി പിതാവും അമ്മാവൻമ്മാരും. ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. നഴ്‌സിങ് പഠനത്തിനായി തിരിച്ചു ബാംഗ്ലൂരിലേക്ക്. പഠനം പൂർത്തിയയാക്കി തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ ജോലിയിൽ കയറി. 2010 ൽ കല്യാണം.. മാവേലിക്കര സ്വദേശിയായ ലിജോ ജോയ്.. 2015 ൽ എല്ലാ ടെസ്റ്റുകളും പാസായി അയർലണ്ടിൽ എത്തുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടുപേരും യൂട്യൂബിൽ എത്തുന്നത് അവരുടെ പാഷൻ ആയ വിനോദയാത്രകളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ..

എന്നാൽ എല്ലാ യാത്രകളെയും മുടക്കി കോവിഡ്… അധികൃതർ പറയുന്നത് പാലിച്ചു ജീവിതം മുൻപോട്ടു പോകുംമ്പോൾ അധികാരികളെ മാത്രമല്ല തന്റെ ഭാര്യയെ പോലുള്ള ഒരുപാട് നഴ്‌സുമാരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ കൂടി ഉപകാരപ്പെടുത്തുകയാണ് ലിജോയുടെ വീഡിയോ.

കുടുംബത്തിന്റെ സുരക്ഷയ്ക്കായി വീടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന അമ്മ… മുറിക്ക് അകത്തു അമ്മ ഉണ്ടെന്ന് മനസ്സിലാക്കി കാണാനും സംസാരിക്കുന്നതിനും കൊഞ്ചിക്കാനുമൊക്കെയായി കതകില്‍ തട്ടി വിളിക്കുന്ന തിരിച്ചറിവ് എത്താത്ത കൊച്ചുകുട്ടികൾ… വാതിൽ പാതി തുറന്ന് കുട്ടികളെ ആശ്വസിപ്പിക്കുന്ന അമ്മ… ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ തന്നെ ഒരുക്കിയിരിക്കുന്ന ബാത്‌റൂമിൽ ഉള്ള കുളി കഴിഞ്ഞാണ് കാറിൽ വീട്ടിലേക്കുള്ള യാത്ര തന്നെ… വീടിന് പിറകുവശത്തുകൂടി പ്രവേശിക്കേണ്ട അവസ്ഥ..

ചോദ്യങ്ങളിൽ കണ്ണ് നിറയുന്ന ബെറ്റ്സി എങ്കിലും അത് പ്രകടിപ്പിക്കാതെ ഉത്തരം നൽകുന്നു…. വാതിൽ തുറക്കുബോൾ തടവറയിൽ എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അമ്മയായ നഴ്‌സ്‌… പ്രവാസിയെന്ന് കേട്ടാൽ പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വലിയൊരു സമൂഹമുള്ള കേരളത്തിലെ എത്രപേർ മനസിലാക്കും ഒരു പ്രവാസിമലയാളിയുടെ മനസിന്റെ വേദന… ഒരു നഴ്‌സ് എങ്ങനെയാണ് പല മലയാളി വീടിന്റെയും വെളിച്ചമായത് എന്ന് തിരിച്ചറിയാൻ ഇത് നമുക്ക് അവസരം നൽകുന്നു.

ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുന്ന മലയാളി നഴ്സുമാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് തൻറെ പ്രിയപ്പെട്ടവർക്ക് ഇത് പകരാൻ ഇടവരരുത് എന്ന് കരുതിയാണ്. എന്നാൽ രണ്ടുപേരും ആശുപത്രിയിൽ ആണ് ജോലി എങ്കിൽ ഇതും പ്രായോഗികമല്ല. യൂറോപ്പിലെ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെയും വീട്ടിലെ അവസ്ഥയുടെ ഏതാണ്ട് ഒരു നേര്‍സാക്ഷ്യം ആണ് ഈ വിഡിയോ.

[ot-video][/ot-video]