മണമ്പൂര്‍ സുരേഷ്
ലണ്ടന്‍: ഈ വര്‍ഷത്തെ ബ്രിട്ടനിലെ ദേശീയ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ സൗത്ത് ക്രോയ്ഡനില്‍ താമസിക്കുന്ന പ്രതിഭ രാംസിങ്ങിനു (46) ലഭിച്ചു. ഇന്ത്യയിലെ പത്മ വിഭൂഷന്, പത്മ ഭൂഷന്, പത്മശ്രീ തുടങ്ങിയ അവാര്‍ഡുകള്‍ക്ക് തുല്യമായ അവാര്‍ഡാണ് OBE. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് പ്രതിഭ.
ഡിപാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സില്‍ ഡിസ്ട്രിക്റ്റ് ഒപറേഷന്‍സ് മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്ന പ്രതിഭ ലണ്ടന്‍ നഗരത്തിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കിടയില്‍ നിന്ന് വരുന്ന മനുഷ്യരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയതു പരിഗണിച്ചാണ് ദേശീയ പുരസ്കാരം നല്‍കിയത്.
തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി വിശ്വപ്രകാശില് കെ. വിശ്വംഭരന്റെയും ദമയന്തിയുടെയും മകളായ പ്രതിഭ മൂന്ന് വയസു മുതല്‍ ലണ്ടനിലാണ് വളര്‍ന്നതും പഠിച്ചതും. കൊല്ലം പാലസ് വാര്‍ഡില്‍ പത്മ ഭവനിലെ രാംസിങ്ങാണ് ഭര്‍ത്താവ്.
ലണ്ടന്റെ തെക്ക് ഭാഗത്തുള്ള സൗത്ത് ക്രോയ്ഡനിലാണ് താമസം. മക്കള്‍ അനീഷ, അരുണ്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിയതു കൊണ്ട് തന്നെ ഓര്‍ഡര്‍ ഒഫ് ദി ബ്രിട്ടീഷ് എമ്പയര്‍ എന്ന പേരില്‍ (OBE) ഈ അവാര്‍ഡ് ഇപ്പോഴും തുടരുന്നു.