ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും രക്തത്തില്‍ മുങ്ങുന്നു. കൊലപാതകങ്ങളുടെ പരമ്പര തുടരുകയാണ്. ഇക്കുറി ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആസാദ്പൂരിലെ മൊത്തക്കച്ചവട ചന്തയിലെ കാവല്‍ക്കാരാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ചന്തയിലെ ചുമട്ട് തൊഴിലാളികളായ സഞ്ജയ്(25)ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തായ റൗനക്കും ആപ്പിള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് കാവല്ക്കാര് ഇവരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ സഞ്ചു(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം ഉണ്ടാകുന്നത്. സഞ്ജയിയും സുഹൃത്തായ റൗനക്കും രാത്രി ആപ്പിള്‍ കൊണ്ടു പോകുന്ന ഒരു പെട്ടിയുമായി ചന്തയ്ക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കാവല്ക്കാര് ഇവരെ മര്‍ദിക്കുകയായിരുന്നു. ആപ്പിള്‍ മോഷ്ടിച്ച കള്ളന്മാരാണ് ഇവര്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദനം.
തുടര്‍ന്ന് അവശരായ ഇരുവരെയും സഞ്ചു കസേരയില്‍ കെട്ടിയിട്ട് വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ തൊഴിലാളികളാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ സഞ്ചു തയ്യാറായില്ല. പിന്നീട് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സഞ്ജയ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. റൗനക്ക് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.