വാഷിംഗ്ടണ്‍: പൈലറ്റുമാരുടെ വിന്യാസത്തിലുണ്ടായ പിഴവ് മൂലം പ്രതിസന്ധിയിലായ റയന്‍എയറിന് ഒരു പിന്‍ഗാമി. മറ്റൊരു എയര്‍ലൈന്‍ ഭീമനായ അമേരിക്കന്‍ എയര്‍ലൈനിന് ക്രിസ്തുമസ് സീസണില്‍ സര്‍വീസുകള്‍ നടത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. 15,000 സര്‍വീസുകളിലേക്ക് ആവശ്യമായ പൈലറ്റുമാരില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പൈലറ്റുമാര്‍ക്ക് ക്രിസ്തുമസ് അവധി നല്‍കിയതില്‍ സംഭവിച്ച പിഴവാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. റയന്‍എയറില്‍ പൈലറ്റുമാരുടെ വിന്യാസം പിഴച്ചത് സെപ്റ്റംബറില്‍ മാത്രം 20,000 സര്‍വീസുകളുടെ റദ്ദാക്കലിലേക്ക് നയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് കമ്പനി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വരാനിരിക്കുന്ന അവധി ദിവസങ്ങളില്‍ ആവശ്യത്തിന് പൈലറ്റുമാരില്ലെന്ന് കമ്പനി അറിയിച്ചതായി അലൈഡ് പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധാരണ നിരക്കുകളേക്കാള്‍ 50 ശതമാനം അധികം പ്രതിഫലം ഓഫര്‍ ചെയ്തിരിക്കുകയാണ് കമ്പനി. എന്നാല്‍ ഈ പ്രശ്‌നമുണ്ടാക്കിയതിന് കമ്പനി തന്നെയാണ് ഉത്തരവാദി എന്ന നിലപാടാണ് യൂണിയന്‍ എടുത്തിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാനാണ് ശ്രമം. ഡിസംബറില്‍ സര്‍വീസുകള്‍ നടത്താന്‍ റിസര്‍വ് പൈലറ്റുമാര്‍ ഉണ്ട്. കോണ്‍ട്രാക്റ്റില്‍ പറഞ്ഞതിന്റെ 150 ശതമാനം അധികം തുക പൈലറ്റുമാര്‍ക്ക് നല്‍കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ശ്രമിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.