പുതുവര്‍ഷത്തില്‍ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തില്‍ കാര്‍ഡിഫ് മലയാളി സജി കുര്യന്. ലോട്ടോ നറുക്കെടുപ്പില്‍ പതിനായിരക്കണക്കിന് പൗണ്ടിന്റെ ഭാഗ്യമാണ് അയര്‍ക്കുന്നം മറ്റക്കര സ്വദേശി സജി കുര്യനെ (വടക്കേടത്ത്) തേടിയെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാര്‍ഡിഫിലെ ബാരിയിലാണ് സജി താമസിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന സജിയെ തേടി ഇത്തരമൊരു ഭാഗ്യമെത്തിയത് ഇതാദ്യമാണ്. ഓരോ തണ ലോട്ടറിയെടുക്കുമ്പോഴും തന്നെ ഭാഗ്യദേവത കടാക്ഷിക്കും എന്ന സജിയുടെ വിശ്വാസം ഒടുവില്‍ സത്യമായി. യൂറോമില്യണ്‍ ലോട്ടറിയും ലോട്ടോയും സജി സ്ഥിരമായി എടുക്കാറുണ്ടായിരുന്നു.
ശനിയാഴ്ച നറുക്കെടുത്ത ലോട്ടോ ലോട്ടറിയുടെ നമ്പരുകള്‍ മാച്ച് ചെയ്തതോടെ ടിക്കറ്റ് എടുത്ത കടയില്‍ പോയി വിവരം പറഞ്ഞു. ഇത്രയും വലിയ തുക തങ്ങള്‍ക്ക് നല്‍കാനാവില്ലെന്നും അടുത്തുള്ള പോസ്റ്റോഫിസിലോ ബാങ്കിലോ ടിക്കറ്റ് സബ്മിറ്റ് ചെയ്യാന്‍ അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുകയും അടുത്ത ദിവസം തുക അക്കൗണ്ടില്‍ വരികയും ചെയ്തു.
എന്നെങ്കിലും തനിക്ക് വലിയൊരു ലോട്ടറി ഭാഗ്യമുണ്ടാകുമെന്ന പ്രതീക്ഷ പൂവണിഞ്ഞതായി സജി പറഞ്ഞു. മെയില്‍ നേഴ്സായ സജി വര്‍ഷങ്ങളായി ലാന്‍ഡോ ഹോസ്പിറ്റലില്‍ ജോലി ചെയ്തുവരികയാണ്. ഇവിടെ തന്നെ സ്റ്റാഫ് നഴ്സാണ് ഭാര്യ സോയാമോള്‍. ഷാന്‍, ആന്‍ എന്ന രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
കാര്‍ഡിഫുകാര്‍ക്കെല്ലാം പ്രിയങ്കരനാണ് സജി. സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ ഇദ്ദേഹം നിറസാന്നിദ്ധ്യമാണ്. ലോട്ടറി തുക കൊണ്ട് കോട്ടയത്ത് ആധുനികസജ്ജീകരണങ്ങളോടെ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യുകെയില്‍ തന്നെ ഇനിയും തുടരുമെന്നും കേരളത്തിലേക്ക് ഉടന്‍ തിരിച്ചുപോക്കില്ലെന്നുമാണ് സജി കുര്യന് പറഞ്ഞത്. ഇത്തവണ ഭാഗ്യം തേടിയെത്തിയതോടെ ലോട്ടറി എടുക്കല്‍ നിര്‍ത്താന്‍ സജിയ്ക്ക് ഉദ്ദേശമില്ല. ഇനിയും വന്‍തുക ലോട്ടറിയടിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.