ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിക്കാൻ ഇടയായ സാഹചര്യം വളരെ നിർഭാഗ്യകരമാണ്. മെയ് ഏഴാം (07/05/2020) തിയതിയാണ് അബിന്‍ സന്തോഷ് പരക്കനാല്‍ (21) എന്ന യുവാവ് കാനഡയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

പഠനത്തിലും സ്പോർട്സിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഒരു ഊർജ്ജസ്വലമായ യുവാവായിരുന്നു അബിൻ. വാട്ടർസ്‌പോർട്സ്, സ്കൈ ഡൈവിംഗ് എന്ന് തുടങ്ങി എല്ലാത്തിലും ഒരു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഒരു യുവാവ്.

പ്ലസ് ടു കഴിഞ്ഞു നല്ലൊരു ഉപരിപഠനം എന്ന് മനസ്സിൽ കരുതിയാണ് കാനഡയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ഒരു കുറവും നൽകിയില്ല എന്ന് മാത്രമല്ല തന്റെ ജന്മവാസനകളെയും ഇഷ്ടങ്ങളെയും അബിൻ എന്നും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തിരുന്നു.

വാട്ടർസ്‌പോർട്സ് എന്നത് അബിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. എപ്പോഴും നല്ലൊരു സുഹൃത്‌വലയം സൂക്ഷിച്ചിരുന്നു അബിൻ, ഏഴാം തിയതി കൂട്ടുകാരുമൊത്തു ബോട്ടിങ്ങിന് ഇറങ്ങുകയായിരുന്നു. നമുക്കറിയാവുന്നതുപോലെ കാനഡയിൽ തീവ്രമായ തണുപ്പാണ്, വെള്ളത്തിന്റെ കാര്യം പറയേണ്ടതുമില്ല. അബിനും കൂട്ടുകാരും തണുപ്പിനെ ചെറുക്കാനുള്ള എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും കരുതിയാണ്   ബോട്ടിങ്ങിന് ഇറങ്ങിയത്. അവർ ഉപയോഗിച്ചിരുന്നത് കാറ്റ് നിറച്ച ബബിൾ ബോട്ട് വിഭാഗത്തിൽപ്പെടുന്നവയായിരുന്നു.

ഇത്തരം സെന്ററുകളിൽ എത്തുന്നവർ ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ച് കാറ്റ് നിറച്ചാണ് ഇത് ഉപയോഗിക്കുന്നത്. എന്നത്തേയുംപോലെ അബിനും കൂട്ടുകാരും ബോട്ടിങ് കഴിഞ്ഞു തിരിച്ചുകയറുകയും ചെയ്‌തു. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ എല്ലാവരും തണുപ്പിനെ ചെറുക്കുന്ന വാട്ടർസ്‌പോർട്സ് സുരക്ഷാ വസ്ത്രങ്ങൾ ഇതിനകം മാറുകയും ചെയ്‌തിരുന്നു. പെട്ടെന്നാണ് അബിന്റെ മൊബൈലും പേഴ്‌സും ബോട്ടിലാണ് എന്ന തിരിച്ചറിവ് ഉണ്ടായത്. ഈ സമയം ഒരു കാറ്റ് ഉണ്ടാവുകയും ബോട്ട് അൽപം മുൻപോട്ട് നീങ്ങാനും തുടങ്ങിയപ്പോൾ അബിൻ അതിലേക്കു പെട്ടെന്ന് കയറാൻ ശ്രമിക്കുകയും ബാലൻസ് തെറ്റി ബോട്ടിനൊപ്പം ആഴമുള്ള കൊടും തണുപ്പുള്ള വെള്ളത്തിലേക്ക് അബിൻ വീഴുകയും ആയിരുന്നു.

കൊടും തണുപ്പുള്ള വെള്ളത്തിൽ കയ്യ്കാലുകൾ ചലിപ്പിക്കുക അസാദ്യമാണ്. ഇത് കണ്ട കൂട്ടുകാർ പെട്ടെന്ന് പിടിച്ചു നില്ക്കാൻ പലതും ഇട്ടുകൊടുത്തെങ്കിലും അതിലൊന്നും എത്തിപ്പിടിക്കാൻ അബിന് സാധിച്ചില്ല. ഈ സമയം അടുത്തുതന്നെയുണ്ടായിരുന്ന ഫിഷർമാനെ വിളിച്ചുവരുത്തുകയും രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.

അറിയിച്ചതിനെത്തുടന്ന് എമർജൻസി സെർവീസും, ഫയർ സെർവീസും ഉടനടി എത്തി. അധികം താമസിക്കാതെ മുങ്ങിപ്പോയ അബിനെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വെന്റിലേറ്ററിൽ ആയിരുന്ന അബിന് പാതിരാത്രിയോടെ കാർഡിയാക് അറസ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി കിങ്സ്റ്റണില്‍ പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടമരണം സംഭവിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോറ്റോയിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ.

മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു കൂട്ടുകാരും ഒപ്പം മലയാളി സംഘടനയും ചേർന്ന്. വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)