അനു ജോണ്‍ ബാംഗ്ലൂര്‍
ഒരു മഹാകാവ്യം പോലും രചിക്കാതെ മഹാകവിയായ കുമാരനാശാന് മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ചു. ആധുനീക കവിത്രയങ്ങളില്‍ ഒരാളായ ആശാന് തന്റെ കവിതകളിലൂടെ മലയാളികളുടെ സാമൂഹീക ജീവിതത്തില്‍ വലിയ പരിവര്‍ത്തനം വരുത്തി. 1873 ഏപ്രില്‍ 12 ന് ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വളാകം വീട്ടില്‍ നാരായണന് പെരുങ്ങാടിയുടേയും കാളിയമ്മയുടേയും രണ്ടാമത്തെ മകനായി ജനിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രിയശിഷ്യനായിരുന്നു അദ്ദേഹം.
ന്യായ ശാസത്രം, ദര്‍ശനം, വ്യാകരണം, കാവ്യം എന്നിവയില്‍ അഗാധമായ പാണ്ഡിത്യം കുമാരനാശാനുണ്ടായിരുന്നു. കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്കു വേണ്ടി കുമാരനാശാന് വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി ആയിരുന്നില്ല അദ്ദേഹം. സാമൂഹിക യാഥാര്‍ത്യങ്ങളുമായി നിരന്തരം ഇടപെഴകി കൊണ്ടും അവയെ മാറ്റി തീര്‍ക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകള്‍ക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹീക ബോധമാണ്. ആശയ പ്രചാരണം തന്റെ കാവ്യകലയുടെ ആത്മാവായി സ്വീകരിച്ചിരുന്ന ഇദേഹം ‘ആശയ ഗംഭീരന്‍’ എന്നും അറിയപ്പെട്ടിരുന്നു. സമൂഹത്തിലെ അനാചാരങ്ങളെ തൂത്തെറിയാനുള്ള ആഹ്വാനങ്ങള്‍ കൂടിയാണ് കവിതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതു കൊണ്ടാണല്ലൊ,
മാറ്റുവിന്‍ ചട്ടങ്ങളെ… സ്വയം അല്ലെങ്കില്‍
മാറ്റുമതുകളില്‍ നിങ്ങളെ താന്‍… എന്ന് പാടിയത്.
1924 ജനുവരി പതിനാറിന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ അമ്പൊത്തൊമ്പതാമത്തെ വയസ്സില്‍ അദേഹം അന്തരിച്ചു. ആശാന് ഓര്‍മ്മയാകുമ്പോഴും ആശാന്റെ കവിതകള്‍ പുസ്തകത്തില്‍ ഇന്നും ജീവിക്കുന്നു, ‘വീണ പൂവ്’. മലയാളം ഇംഗ്ലീഷിന് വഴിമാറികൊടുക്കുമ്പോഴും വീണ പൂവിനെ ഓര്‍ക്കാത്ത മലയാളികളുണ്ടോ?
വൈകുന്നേരം രാജ്ഞിയായി ശോഭിച്ചു നിന്ന പൂവ് പ്രഭാതത്തില്‍ വീണു കിടക്കുന്നതു കണ്ടപ്പോള്‍ ആശാനു തോന്നിയ വികാരം കവിതയായി. എഴുതിയതു വായിച്ചു തേങ്ങിയ ആശാന് വീണ പൂവിനെ കണ്ടു മാത്രം തേങ്ങിയതായിരിക്കുമോ?
ഈ സമൂഹത്തോട് പണ്ടേ ആശാന് പറഞ്ഞിരുന്നില്ലേ….
വൈരാഗ്യമേറിയൊരു വൈദീകനാകട്ടെ
ഏറ്റവൈരിക്കു മുന്‍മ്പേ ഉഴറിയോടുന്ന ഭീരുവാകട്ടെ
നേരേ വിടര്‍ന്നു വിലസിയിടുന്ന നിന്നെ നോക്കി
ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം…
ആശാന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ മലയാളം യു കെ യുടെ പ്രണാമം…