സ്വന്തം ലേഖകൻ

യു കെ :- 13 മണിക്കൂർ നീണ്ട ശമ്പള രഹിത ഡ്യൂട്ടിക്ക് ശേഷം, എത്തിയ നേഴ് സിംഗ് വിദ്യാർത്ഥിക്ക് പാർക്കിംഗ് ഫൈൻ ഈടാക്കി അധികൃതർ.23 വയസ്സുകാരിയായ അതീന അനാസ് താസിയോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 35 പൗണ്ട് ആണ് ഫൈനായി അതീനയിൽ നിന്നും ഈടാക്കിയത്. താൻ ഇത്രയും പണം ഫൈൻ ആയി അടയ്ക്കാനുള്ള ഒരു അവസ്ഥയിൽ അല്ലെന്ന് അതീന പറഞ്ഞു. മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം എത്തിയ തനിക്ക് ഇത്തരം ഒരു ദുരനുഭവം നേരിട്ടത് വളരെ വേദനാജനകം ആണെന്നും അവർ പറഞ്ഞു. ഇതോടെ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് പാർക്കിംഗ് സൗജന്യമാക്കണം എന്ന ആവശ്യം ശക്തമായി തീർന്നിരിക്കുകയാണ്.

ഇത് തന്റെ മാത്രം പ്രശ് നമല്ലെന്നും, നിരവധി നഴ് സിംഗ് വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നമാണെന്നും അതീന പറഞ്ഞു. തങ്ങൾ ചെയ്യുന്ന സേവനങ്ങളെ വിലകുറച്ചു കാണുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തികൾ എന്നും അതീന കുറ്റപ്പെടുത്തി. കൊറോണ ബാധ തുടങ്ങിയ മാർച്ചിൽ ഗവൺമെന്റ് സ്റ്റാഫുകൾക്ക് എല്ലാം സൗജന്യ പാർക്കിങ് അനുവദിച്ചിരുന്നു. എന്നാൽ സെപ്റ്റംബറോടെ ഇത് അവസാനിച്ചു. ഇത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതർ നൽകിയില്ല എന്നും അവർ കുറ്റപ്പെടുത്തി.

നഴ് സിംഗ് പഠന കാലത്ത് രണ്ടായിരത്തി മുന്നൂറോളം മണിക്കൂറാണ് സൗജന്യമായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത്. അതിനാൽ തന്നെ പാർക്കിംഗ് ഫീസ് എങ്കിലും സൗജന്യമായി ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതീന മാധ്യമങ്ങളോട് പറഞ്ഞു. അതീനയുടെ ട്വീറ്റിന് നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതോടെ ഗവൺമെന്റ് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയിലാണ് എൻഎച്ച് എസ് സ്റ്റാഫുകൾ.