കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ച് കയറ്റി ഒരു ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയത് തൃണമൂല്‍ നേതാവിന്റെ മകന്‍. തൃണമൂല്‍ നേതാവ് മൊഹമ്മദ് സൊറാബിന്റെ മകന്‍ സാമ്പിയ സൊറാബാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ പരേഡിനിടയിലേക്ക് ഔഡി കാര്‍ ഇടിച്ച് കയറ്റിയത്. മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ ആര്‍ജെഡി എംഎല്‍എ ആയിരുന്ന മൊഹമ്മദ് സൊറാബ് 2013ല്‍ ആണ് മമത ബാനര്‍ജിക്കൊപ്പം നില്‍ക്കാനായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കളം മാറ്റിച്ചവിട്ടിയത്.
ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൊഹമ്മദ് സൊറാബിന്റെ മൂത്തമകന്‍ അംബിയ സൊറാബാണ് അപകടത്തിന് പിന്നിലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടാണ് ഔഡി കാര്‍ ഓടിച്ചിരുന്നത് സാമ്പിയ ആണെന്ന് തെളിഞ്ഞത്. മൂന്ന് പേരും സംഭവം വിവാദമായതോടെ ഒളിവില്‍ പോയി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കൊലപാതക കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും തൃണമൂല്‍ നേതാവിനേയും മക്കളേയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

റിപ്പബ്ലിക് ദിന പരേഡിന് മുന്നൊരുക്കമായി നടത്തിയ പരിശീലന പരേഡിന് നേതൃത്വം നല്‍കുകയായിരുന്ന 21 വയസുകാരനായ കോര്‍പറല്‍ അഭിമന്യു ഗൗഡാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 6.30ന് ആണ് അപകടം നടന്നത്. പരിശീലന പരേഡ് നടക്കുന്ന റെഡ് റോഡിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. അതിവേഗത്തില്‍ പരേഡ് ഗ്രൗണ്ടിലേക്ക്  ആഡംബര കാര്‍ ഔഡിയുമായെത്തിയാണ് സാമ്പിയ സോറാബ് വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയത്. നിയന്ത്രണം വിട്ട വാഹനം തുടര്‍ന്ന് ബാരിക്കേഡുകളും തകര്‍ത്താണ് നിന്നത്. ഔഡി ഉപേക്ഷിച്ച് പ്രതി പുറത്തിറങ്ങി ഓടി ഒളിയ്ക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരീശിലന പരേഡ് നടക്കുമ്പോള്‍ റോഡില്‍ ഗതാഗതത്തിന് വിലക്കുള്ളതാണ്. ഇത് തെറ്റിച്ചാണ് ആഡംബര വാഹനവുമായി തൃണമൂല്‍ നേതാവിന്റെ മകന്‍ റോഡില്‍ കടന്നതും വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതും. റോഡ് ബ്ലോക്ക് ചെയ്ത് വാഹനം തിരിച്ചുവിട്ട പൊലീസിന്റെ കണ്ണുവെട്ടിച്ച് സിഗ്നല്‍ തെറ്റിച്ചാണ് തെറ്റായ ദിശയിലെത്തി വാഹനം അപകടമുണ്ടാക്കിയത്.