ബിന്‍സു ജോണ്‍
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിഖ്യാതമായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്തത് വിദേശ കമ്പനിയില്‍ വിദേശത്താണ് എന്ന വിമര്‍ശനത്തിന്റെ മുനയൊടിയുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിലുടമകളെയും നിക്ഷേപകരെയും ഇന്ത്യയില്‍ മുതല്‍ മുടക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാനും ക്ഷണിച്ചു കൊണ്ടുള്ള കാമ്പയിന് ആയിരുന്നു മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. മോദി തന്നെ തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി തീരുമാനിച്ച് പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കൂടി ആയിരുന്നു മേക്ക് ഇന്‍ ഇന്ത്യ.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈനിംഗും പ്രചാരണ ചുമതലയും വെയ്ഡന്‍ + കെന്നഡി (Wieden+Kennedy) എന്ന വിദേശ കമ്പനിയെയാണ് ഏല്പിച്ചതെന്നും ഇത് വഴി പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പാളിയെന്നും ആയിരുന്നു വിമര്‍ശകരുടെ ആരോപണം. ഇതിന് വേണ്ടി 11 കോടി രൂപ വിദേശ കമ്പനിയ്ക്ക് നല്‍കിയത് സര്‍ക്കാരിനെതിരെയുള്ള ആരോപണമായും ഉന്നയിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വെയ്ഡന്‍ + കെന്നഡിയുടെ ഇന്ത്യന്‍ ഡിവിഷനിലെ ഇന്ത്യക്കാരനായ ക്രിയേറ്റിവ് ഡയറക്ടര്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത് എന്ന് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്‍ഡസ്ട്രിയല്‍ സെക്രട്ടറി അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു.
വെയ്ഡന്‍ + കെന്നഡിയിലെ ക്രിയേറ്റിവ് ഡയറക്ടര്‍ കണ്ണൂര്‍ സ്വദേശിയായ വി. സുനില്‍ ആണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ ഡിസൈന്‍ ചെയ്തത് എന്നും പുറത്ത് വന്നു. കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ 1967ല്‍ ജനിച്ച വി. സുനില്‍ പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്റെ കലാപരമായ കഴിവുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി തേടി ബാംഗ്ലൂരിലേക്ക് പോയ ഇദ്ദേഹം തുടര്‍ന്ന് ഒരു മെക്കാനിക്ക് ആയി മാറുകയായിരുന്നു.
ബാംഗ്ലൂരില്‍ അമ്മാവന്റെ കൂടെ താമസിച്ച് ജോലി ചെയ്യുന്ന സമയത്ത് ഒരു അയല്‍വാസിയാണ് സുനിലിന്റെ കലാപരമായ കഴിവുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു ഗുജറാത്തി കമ്പനിയുടെ ഭക്തി ഗാന കാസറ്റുകളുടെ കവര്‍ ഡിസൈന്‍ ചെയ്യുന്ന ജോലി ഇദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് എക്സിബിഷനുകളും ഇവന്റുകളും സംഘടിപ്പിക്കുന്ന ഒരു ഗ്ലോബല്‍ കമ്പനിയില്‍ ഇദ്ദേഹത്തിന് ജോലി ലഭിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഈ കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് വെയ്ഡന്‍ + കെന്നഡിയുടെ ഭാഗമാകുന്നതും മേക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടി ലോഗോ ഡിസൈനിംഗ് ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുക്കുന്നതും. എന്തായാലും ഈ കമ്പനിയും വിട്ട സുനില്‍ ഇപ്പോള്‍ സുഹൃത്തായ മോഹിതിനൊപ്പം സ്വന്തമായി പരസ്യ ഡിസൈനിംഗ് കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
ശ്രീ. അമിതാഭ് കാന്ത് കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ കേരളത്തെ ഗോഡ്സ് ഓണ്‍ കണ്ട്രിയായി വിശേഷിപ്പിച്ച് ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിച്ചപ്പോള്‍ അതിന്റെ പരസ്യ ഡിസൈനുകളുടെ ചുമതലയും സുനിലിന് ആയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ മലയാളിയായ ഒരാള്‍ ഡിസൈന്‍ ചെയ്ത ലോഗോയുടെ പേരിലായിരുന്നു ഈ വിവാദങ്ങള്‍ എന്നത് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. എന്തിനായിരുന്നു വസ്തുതകള്‍ മറച്ച് വച്ച് ഈ വിവാദങ്ങള്‍ സൃഷ്ടിച്ചത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.