ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർലമെന്റിന്റെ സ്റ്റാൻഡേർഡ് വാച്ച് ഡോഗ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ശിശുസംരക്ഷണ സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. എം പി ചട്ടം ഏതെങ്കിലും കാരണവശാൽ ലംഘിച്ചിട്ടുണ്ടോ എന്നുള്ളത് പരിശോധിച്ചു വരികയാണ്. സ്പ്രിംഗ് ബജറ്റിൽ പുറത്തിറക്കിയ പുതിയ നയത്തിൽ നിന്ന് പ്രയോജനം നേടുന്ന ശിശു സംരക്ഷണ ഏജൻസിയായ കോരു കിഡ്‌സിൽ ഭാര്യ അക്ഷത മൂർത്തിയുടെ ഓഹരികളെക്കുറിച്ച് കഴിഞ്ഞ മാസം സുനക് ചോദ്യങ്ങൾ നേരിട്ടു.

ചാൻസലർ ജെറമി ഹണ്ട് പുതിയ ചൈൽഡ് മൈൻഡർമാർക്ക് പേയ്‌മെന്റുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏജൻസികൾ വഴി സൈൻ അപ്പ് ചെയ്യുന്നവർക്ക് കൂടുതൽ തുക ലഭ്യമാകും. മാർച്ച് 6-ന് ഈ ഏജൻസികളിലൊന്നായ കോരു കിഡ്‌സിന്റെ ഷെയർഹോൾഡറായി അക്ഷത മൂർത്തി ലിസ്റ്റ് ചെയ്യപ്പെട്ടു. മാർച്ച് 28 ന് നടന്ന പാർലമെന്ററി കമ്മിറ്റി ഹിയറിംഗിൽ ശിശുസംരക്ഷണ നയത്തെക്കുറിച്ച് എംപിമാർ ചോദ്യം ചെയ്തപ്പോൾ കോരു കിഡ്‌സുമായുള്ള അക്ഷതയുടെ ബന്ധത്തെക്കുറിച്ച് സുനക് പരാമർശിച്ചില്ല. ലേബർ എംപി കാതറിൻ മക്കിന്നൽ സുനകിനോട് പ്രഖ്യാപിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് ചോദിച്ചിരുന്നു.

ഹിയറിംഗിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കമ്മിറ്റിക്ക് അയച്ച കത്തിൽ, തന്റെ ഭാര്യയുടെ താൽപ്പര്യം കാബിനറ്റ് ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടെ താൽപ്പര്യങ്ങളുടെ പുതിയ പ്രസ്താവന ഉടൻ പുറത്തുവരുമെന്നും സുനക് പറഞ്ഞു. മന്ത്രിമാരുടെ വ്യക്തിപരമായ താല്പര്യങ്ങൾ കണക്കിലെടുക്കില്ലെന്ന് റിഷി സുനക് പറഞ്ഞു.