നരഭോജികള്‍
ചുവരുകള്‍ ചിരിക്കുന്നു.
ഈര്‍പ്പം പടര്‍ന്ന ചിരി.
മിഴിനീരിന് നനയിക്കാന്‍
പറ്റുമെന്ന പുനരറിയല്‍.
ആവര്‍ത്തന വിരസത
കൊണ്ടു പൊറുതി മുട്ടിയ
മൌനം, നിറ ചഷകത്തില്‍
തുളുമ്പുന്ന പളുങ്ക് മഞ്ഞ്.
വാതിലിനപ്പുറം മരിച്ചു
പോകുന്ന വെയിലിനു
പതിര് കവിഞ്ഞ ഗോതമ്പ്
പാടത്തിന്റെ പ്രതികാരം.
അന്നം മുട്ടുകയാണെന്നുറക്കെ
വഴി മുക്കിലാരോ ആണയിടുന്നു,
കീശയില്‍ശേഷിച്ച ചെമ്പ്
ചേര്‍ത്തു പിടിക്കട്ടെ.
അന്തിക്കുണക്കിയ പോച്ച
പുകച്ചുറങ്ങാന്‍ തീറ്റ
തീണ്ടാപ്പാടകറ്റുകെന്നു
ദേശാടനംമടുത്ത പറവകള്‍
സിംഫണിയിലുണര്‍ത്തുന്ന
യുപനിഷത് സൂക്തങ്ങള്‍
വ്യാഖ്യാനിച്ച കശാപ്പു
കാരന്റെ കടയില്‍ തിരക്ക്.
അളന്നും തൂക്കിയും പകുത്തും
പങ്കിട്ടും ഭാണ്ഡം മുറുക്കുക,
ഉണക്കി സൂക്ഷിക്കുക, ഉപ്പിലിട്ടും
മഞ്ഞിലിട്ടും കരുതുക.
വരാന്‍പോണത് വിശപ്പിന്റെ
നവോദ്ധാനമെന്ന് ദിക്കുകള്‍.
വാക്കുകള്‍ മൂര്‍ച്ചചേര്‍ത്ത
അണുസംയോജക ശക്തി.
കോപ്പുകൂട്ടി കാത്തിരിക്കണം
കോലങ്ങള്‍ തുള്ളുന്ന തളത്തില്‍.
കണ്ണുകള്‍ ശേഷിക്കുന്ന പറവകള്‍ക്ക്
കൊടുത്തേക്കൂ.
നാവരിഞ്ഞു രാവിനുനല്‍കൂ.
ചുണ്ടുകള്‍ സ്‌നേഹചുംബനം
തേടിത്തളര്‍ന്ന തെരുവ്
വേശ്യക്ക്.
തുടയെല്ലുകള്‍ പെരുമ്പറ
ക്കോലുകള്‍ക്കെടുക്കുക.
നഖമരച്ചു ചായങ്ങള്‍ തീര്‍ക്കുക.
ഞരമ്പിലെ കറുത്തരക്തം
കട്ടയാക്കിയറുത്തെടുത്തുവില്‍ക്കാം.
ഉരസ്സുമുദരവും ചേര്‍ന്ന
ഭാരിച്ച ഖണ്ഡം കൊക്കികളില്‍
തൂക്കിയും, സ്ഫടിക പേടകങ്ങളില്‍
വിലയിട്ടുവച്ചും വിപണിയിലേക്ക്.
വാരിയെല്ലിന്‍ കൂടിലെ
തളര്‍ന്ന കൂമ്പ്, ഈ കവലയില്‍
കുഴിച്ചുമൂടണമെന്നു യാചിക്കുന്നു.
അടുത്ത യുഗപ്പിറവിയില്‍
ആദ്യകോശമായാത് മുളപൊട്ടും.
വെയില്‍ ചത്തു വെന്ത വെളിമ്പറമ്പില്‍
സന്ധ്യ രമിക്കുന്ന മഴ.
ഇപ്പോഴും എന്റെ ചുവരുകള്‍
ചിരിക്കുന്നു.
ഒപ്പം കരയുകയും കൂടി ചെയ്യുന്നു.
മുരുകഷ് പനയറ
യുകെയിലെ മലയാളി സാഹിത്യകാരന്മാരില്‍ പ്രമുഖ സ്ഥാനത്തുള്ള മുരുകേഷ് പനയറ കഥ, കവിത, ലേഖനം തുടങ്ങി എല്ലാ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് മുരുകേഷ് പനയറ