ഇരിക്കാന്‍ സീറ്റില്ലാതെ ഒരു ലണ്ടന്‍ എടിന്ബാറോ ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര

ഇരിക്കാന്‍ സീറ്റില്ലാതെ ഒരു ലണ്ടന്‍ എടിന്ബാറോ ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര
November 25 01:00 2019 Print This Article

മണമ്പൂര്‍ സുരേഷ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയിലെ ജെറിമീ കോര്ബിന്‍ സീറ്റില്ലാത്ത്ത് കാരണം ലണ്ടന്‍ എഡിന്‍ബറോ ട്രെയിനിലെ തറയില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന ഒരു ഫോട്ടോ വന്നു. അന്നത് കുറെ വാര്‍ത്ത സൃഷ്ട്ടിച്ചു.

കഴിഞ്ഞ ഒരു ദിവസം ഇത് നേരിട്ട് അനുഭവമായി വരുകയുണ്ടായി. ബ്രിട്ടന്റെ സ്വപ്ന ഭൂമിയായ സ്കൊട്ലന്റിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. തിരക്കേറിയ ലണ്ടനിലെ കിങ്ങ്സ് ക്രോസ്സില്‍ നിന്നും ട്രെയിന്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇരിക്കാന്‍ സീറ്റില്ല.

ബ്രിട്ടന്റെ ഭൂപടം നോക്കുമ്പോള്‍ താഴെ തെക്ക് തലസ്ഥാനമായ ലണ്ടനില്‍ നിന്ന് തുടങ്ങുന്ന യാത്ര അതി മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയാണ് 540 കിലോ മീറ്റര്‍ പിന്നിട്ടു സ്കോട്ട്ലന്ടിലെ എഡിന്‍ബറോയില്‍ എത്തുന്നത്. അവിടെ നിന്നും വടക്കന്‍ ഭാഗത്തു ഭൂപടത്തിന്റെ അതിരുകളിലേക്ക് നീളുന്നതാണ് 240 കിലോ മീറ്റര്‍ അകലെ ഇന്‍വര്നെസ്സിലേക്കുള്ള യാത്ര. അരുവികളും, തടാകങ്ങളും, മഞ്ഞു മൂടിയ മലകളും, കടലും കണ്ടു കൊണ്ടുള്ള ഈ യാത്ര എത്ര കണ്ടാലും മതി വരാത്തതാണ്.

ഇതില്‍ 540 കിലോ മീറ്റര്‍ ദൂരത്തേക്കുള്ള ലണ്ടന്‍ എഡിന്‍ബറോ യാത്രയ്ക്കാണ് സീറ്റില്ല എന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന മറ്റു ഇരുപതോളം യാത്രക്കാര്‍ക്കും സീറ്റില്ലായിരുന്നു. മറ്റു ചിലര്‍ പ്രതിപക്ഷ നേതാവ് ജെറിമീ കോര്ബിനെ പോലെ തറയില്‍ ഇരിക്കുകയാണ്. ഇത് ഞങ്ങള്‍ കയറിയ കോച്ചിലെ കാര്യമാണ്. മറ്റു കോച്ചുകളിലും ഇത് തന്നെയായിരിക്കണം അവസ്ഥ എന്ന് വിചാരിക്കാം.

നാലര മണിക്കൂര്‍ നിന്നുള്ള ട്രെയിന്‍ യാത്ര ഞാനൊരിക്കലും ചെയ്തിട്ടില്ല.

വര്‍ക്കല നിന്നും എറണാകുളത്തെക്ക് ട്രെയിനില്‍ പോയപ്പോള്‍ പോലും ഒരാളും ആ കോച്ചില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല. (എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്). ഇവിടെ ലണ്ടനില്‍ സീറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ ഇതാണവസ്ഥ. ഞാന്‍ ടിക്കറ്റ് വാങ്ങിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള സമയം (യാത്രയ്ക്കും ഒരു മണിക്കൂര്‍ മുന്‍പ്) ഇല്ലായിരുന്നു. സീറ്റില്ലാതെയാണ് യാത്ര എന്ന് അറിയിച്ചതുമില്ല. ഇവിടെ വെള്ളിയാഴ്ചകളിലെ യാത്ര ഇങ്ങനെയാണത്രേ.

ഇതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ദീര്‍ഘ ദൂര യാത്ര അത്യാധുനികമായ ട്രെയിനുകളില്‍ ആണ്. സ്വകാര്യവല്‍ക്കരണത്തിനു ശേഷം ബ്രിട്ടനിലെ റെയില്‍വേ കുറെ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള മേച്ചില്‍പ്പുറം ആയി മാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ട്രെയിനുകളെക്കാളും ഇരുപതു വര്ഷം പിന്നിലുള്ള ട്രെയിനുകളൂമായി ഇത് ഓടുന്നു. സാധാരണക്കാരന് ചിന്തിക്കാന്‍ കൂടി കഴിയാത്ത യാത്രാ നിരക്കും.

ഈ യാത്രാനുഭവവും സ്കൊട്ട്ലന്റിന്റെ അതി മനോഹരമായ പ്രകൃതിയും Planet Search with MS എന്ന യൂ ട്യൂബ് ചാനലിലെ ഈ ലിങ്കില്‍ കാണാം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles