‘നടുവേദന’ മൂലം എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ വലച്ചത് മൂന്നരമണിക്കൂര്‍. വൈകുന്നേരം ആറരയോടെ ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ‘നടുവേദന’ പ്രശ്നം പരിഹരിക്കാനാവാതെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. രൂക്ഷമായ നടുവേദനയുള്ള യാത്രക്കാരിയുടെ നടുവിനു ചൂടുപകരുന്ന യന്ത്രം കുത്താന്‍ സീറ്റിനടുത്തു പ്ലഗ് പോയിന്റില്ലാഞ്ഞതാണ് വിമാനം വൈകാന്‍ കാരണമായത്.
വൈദ്യുതി ഉപയോഗിച്ചു ചൂടുപകരുന്ന യന്ത്രം വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ അതുമായാണ യാത്രക്കാരി വന്നത്. യന്ത്രം ഉപയോഗിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ വിമാനം പറന്നാല്‍ തനിക്കു വേദന രൂക്ഷമാകുമെന്നും അതുകൊണ്ട് അതിനുള്ള ക്രമീകരണം ചെയ്യാതെ വിമാനം പുറപ്പെടാന്‍ പാടില്ലെന്നും യാത്രക്കാരി ശഠിച്ചു. അതേസമയം ഇവരെ വിമാനത്തില്‍ നിന്നിറക്കാനുള്ള അധികൃതരുടെ നീക്കവും യാത്രക്കാരിയുടെ നിലവിളിമൂലം ആദ്യം കഴിയാതെപോയി. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് എംപിമാരും യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നു. വ്യോമഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും പ്രശ്നം മൂന്നരമണിക്കൂറോളം പരിഹരിക്കപ്പെട്ടില്ല. ഒടുവില്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍നിന്നിറക്കി രാത്രി 10 മണിയോടെയാണു വിമാനം പുറപ്പെട്ടത്.