ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം തുടരുകയാണ്. സംഭവത്തേത്തുടര്‍ന്ന് അടച്ച ക്യാംപസ് പ്രതിഷേധങ്ങളേത്തുടര്‍ന്ന് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്ത് അധ്യാപകര്‍ രാജി സമര്‍പ്പിച്ചു. പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് രാജി നല്‍കിയത്.
ഭരണപരമായതുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാദി വെച്ചതായി ഇവര്‍ അറിയിച്ചു. രോഹിതിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച കമ്മിറ്റി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്ന് സര്‍വകലാശാലയില്‍ എത്തും. തുടര്‍ന്ന് രോഹിതിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ സന്ദര്‍ശിക്കും.
കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയയെ പുറത്താക്കുക, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജിവെക്കുക, സര്‍വകലാശാല വിസി അപ്പറാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരം ഇന്നും തുടരുകയാണ്. നൂറോളം വിദ്യാര്‍ഥികളാണ് നിരോധനാജ്ഞയ്ക്കിടയിലും നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്.