വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഇന്ന് കനത്ത ഹിമവാതത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 ഇഞ്ച് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് നിഗമനം. കാറ്റും പ്രദേശത്തെ സംസ്ഥാനങ്ങളെ നിശ്ചലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ഡിസി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെന്നസി, നോര്‍ത്ത് കരോലിന, വിര്‍ജീനിയ,മേരിലാന്റ്, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ 300 സൈനികര്‍ തയാറായി നില്‍പ്പുണ്ടെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.
ഹിമക്കാറ്റിനു പുറമേ അപകടകരമായ വെളളപ്പൊക്കത്തിനും കനത്ത മഞ്ഞ് വീഴ്ചയ്ക്കുമുളള എല്ലാ സാധ്യതകളും ഒന്നിച്ച് വന്നിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ സര്‍വീസിന്റെ ഡയറക്ടര്‍ അറിയിച്ചു. 50 മില്യന്‍ ജനങ്ങളെ ബാധിക്കുന്ന തരത്തിലുളള കൊടുങ്കാറ്റിന് സാധ്യതയുണ്ട്. വാഷിംഗ്ടണ്‍ ആയിരിക്കും ഇതിന്റെ മുഖ്യ ഇര. ന്യൂയോര്‍ക്കില്‍ നേരിയ തോതില്‍ കാലാവസ്ഥ വ്യതിയാനം ബാധിക്കും. സാന്‍ഡി ചുഴലിക്കാറ്റിനെപ്പോലെ വിപത്തുണ്ടാക്കില്ലെങ്കിലും എല്ലാവരും കരുതിയിരിക്കണമെന്ന മുന്നറിയിപ്പുണ്ട്. ഡെലാവര്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ ഉള്‍നാടന്‍ വെളളപ്പൊക്കത്തിന് ഇത് കാരണമായേക്കാം.

വാഷിംഗ്ടണിലും ബാള്‍ട്ടിമോറിലും മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം കാലാവസ്ഥ വളരെ മോശമാകുമെന്നാണ് റിപ്പോര്‍ട്ട്. 2010ല്‍ വാഷിംഗ്ടണില്‍ ഉണ്ടായതിന് സമാനമായ കാലാവസ്ഥയാകും ഇനിയുണ്ടാകുന്നതെന്നും മുന്നറിയിപ്പുണ്ട്. ജീവനക്കാരുടെയും യാത്രാക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി ഇന്ന് വൈകുന്നേരം മുതല്‍ ഞായറാഴ്ച വരെയുളള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചതായി ദി വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ ഏരിയ ട്രാന്‍സിറ്റ് അതോറിറ്റി അറിയിച്ചു. ഇന്ന് മുതല്‍ ആരും പുറത്തിറങ്ങരുതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദെ ബ്ലാസിയോയും വാഷിംഗ്ടണ്‍ മേയര്‍ മ്യൂറിയല്‍ ബ്രൗസറും അറിയിച്ചിട്ടുണ്ട്.