ലണ്ടന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയ് സ്‌ഫോടനത്തില്‍ മരിച്ച 19 പേരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മറ്റു രാഷ്ട്രീയ നേതാക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണമാണെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നതെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തമായ ചിത്രം തയ്യാറാക്കി വരികയാണെന്നും മേയ് അറിയിച്ചു. സര്‍ക്കാര്‍ കോബ്ര മീറ്റിംഗ് ഇന്ന് ചേരും. എല്ലാത്തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി പ്രചാരണപരിപാടികള്‍ റദ്ദാക്കിയതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പമാണ് തന്റെ മനസ് എന്നായിരുന്നു ഹോം സെക്രട്ടറി ആംബര്‍ റൂഡ് പ്രതികരിച്ചത്. സംഭവത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളു. അവസരോചിതമായി പ്രവര്‍ത്തിച്ച പോലീസും മറ്റുള്ളവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും ആംബര്‍ റൂഡ് പറഞ്ഞു.

ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ടിം ഫാരണ്‍ തന്റെ ജിബ്രാള്‍ട്ടര്‍ സന്ദര്‍ശനം മാറ്റിവെച്ചതായി അറിയിച്ചു. സംഗീത പരിപാടി ആസ്വദിക്കുകയായിരുന്ന കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അതിഭീകരം എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ഒട്ടേറെ മറ്റ് നേതാക്കളും സംഭവത്തില്‍ തങ്ങളുടെ ദുഃഖവും പ്രതികരണങ്ങളും അറിയിച്ചു.