ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരത്തിലേക്ക്. പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നു കാട്ടിയാണ് ഡോക്ടര്‍മാര്‍ തെരുവിലേക്ക് ഇറങ്ങുന്നത്. ഫെബ്രുവരി പത്താം തിയതിയാണ് ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന രണ്ടാമത്തെ സമരമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗങ്ങള്‍, മെറ്റേണിറ്റി കെയര്‍, എമര്‍ജന്‍സി ഓപ്പറേഷനുകള്‍ തുടങ്ങിയവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ സമരത്തേപ്പോലെ കര്‍ക്കശ നടപടികള്‍ വേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ജനപിന്തുണ കുറയുമെന്നതിനാലാണ് ഇത്.
ഇന്‍ഡസ്ട്രിയല്‍ ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എങ്കിലും വളരെ കുറച്ചു ഡോക്ടര്‍മാര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുന്നുണ്ട് എന്നാണ് സമരത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ജനുവരി 12നായിരുന്നു ആദ്യ സമരം അരങ്ങേറിയത്. 45,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്ത സമരത്തേത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച നിരവധി സര്‍ജറികള്‍ മാറ്റി വയ്ക്കേണ്ടതായി വന്നു. ഇത്തവണയും അതേ സാഹചര്യമാണ് നിലവിലുള്ളത്.
കടുത്ത നടപടികള്‍ തുടര്‍ന്നുകൊണ്ട് സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടം സമരവീര്യം ചോര്‍ത്തിക്കളയുകയാണ് ഹണ്ട് ലക്ഷ്യമിടുന്നതെന്നാണ് നിഗമനം. അടുത്തയാഴ്ച നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം കഴിഞ്ഞതിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും പങ്കെടുക്കാത്തവരെ പുതിയ കരാറില്‍ ഒപ്പിടീക്കാന്‍ കഴിയുമെന്നാണ് ഹണ്ട് പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു.