ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ എൻഎച്ച്എസ് നൽകിവരുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തും. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എൻഎച്ച്എസിന് ഇതുവഴി 300 മില്യൺ പൗണ്ട് അധികവരുമാനം ലഭ്യമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ പ്രിസ്ക്രിപ്ഷൻ ചാർജ് ആയ 9.35 പൗണ്ട് നൽകേണ്ടതില്ല. പ്രിസ്ക്രിപ്ഷൻ പ്രായപരിധി 60 -തിൽ നിന്ന് 66 ആയി ഉയർത്തുന്നതുമൂലമുള്ള അധിക ചികിത്സാ ചെലവ് കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കും .

മഹാമാരിക്ക് ശേഷം വരുമാനം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിൻെറ ഭാഗമായാണ് സൗജന്യ പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള പ്രായ പരിധി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം പെൻഷൻ പ്രായത്തിനനുസരിച്ച് പ്രായപരിധി ഉയർത്തുന്ന തീരുമാനത്തിന് ആരോഗ്യവകുപ്പും പൂർണ്ണ പിന്തുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2066 ആകുമ്പോഴേക്കും 65 വയസ്സിനും അതിനുമുകളിലുള്ളവരുടെയും എണ്ണം യുകെയിൽ 8.6 ദശലക്ഷം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് മൊത്ത ജനസംഖ്യയുടെ 26 ശതമാനം വരും.