കവന്‍ട്രി: മലയാളിയായ മെയില്‍ നഴ്സിന് കവന്‍ട്രി സൈക്ക്യാട്രിക് ഹോസ്പിറ്റലില്‍ രോഗിയില്‍ നിന്നും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു രോഗി മറ്റൊരു രോഗിയെ ആക്രമിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മെയില്‍ നഴ്സായ മലയാളി യുവാവിനു മര്‍ദ്ദനമേറ്റത്. ജോലി സ്ഥലത്ത് മറ്റ് സഹപ്രവര്‍ത്തകരും രോഗികളും കണ്ടു നില്‍ക്കെ ആയിരുന്നു രോഗി നഴ്സിനെ മര്‍ദ്ദിച്ചത്. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹോസ്പിറ്റലിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എത്തി ചേര്‍ന്നതിനെ തുടര്‍ന്നാണ് രോഗിയുടെ ആക്രമണത്തില്‍ നിന്നും ഇദ്ദേഹത്തിന് രക്ഷപ്പെടാന്‍ ആയത്.
രോഗിയുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വിശദ പരിശോധനയ്ക്കായി കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെ സമയം ആക്രമണത്തിന് ശേഷം ജീവനക്കാരെ ഫോര്‍ക്കും മറ്റുപകരണങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രോഗിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയാണ് രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മെയില്‍ നഴ്സ്.
സമാനമായ ഒരു സംഭവം ഒരു വര്‍ഷം മുന്‍പ് കോള്‍ചെസ്ട്ടരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സൈക്യാട്രിക് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ച് നടന്ന ഈ സംഭവത്തില്‍ മെയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളിയെ രോഗി പിന്നില്‍ നിന്നും ചെന്ന് അകാരണമായി ആക്രമിക്കുകയായിരുന്നു. പക്ഷെ ഇവിടെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ച് പോയ ഇയാള്‍ രോഗിയെ തിരിച്ച് ആക്രമിക്കുകയും രോഗി നിലത്ത് വീഴുകയും ചെയ്തു. ഈ സംഭവത്തില്‍ ഇയാള്‍ക്ക് ഇവിടുത്തെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്നുണ്ടായ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജോലി സ്ഥലത്ത് നാം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം എന്നാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ അല്ല യുകെയില്‍ എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വച്ച് വേണം ഇവിടെ ജോലി ചെയ്യാന്‍. നാട്ടില്‍ നമ്മള് ചെയ്യുന്ന പല ശരികളും ഇവിടെ തെറ്റ് ആണെന്നത് ഓര്‍ക്കുക. സ്വന്തം ജോലിയും ആരോഗ്യവും ശ്രദ്ധിച്ച് വേണം നമ്മള് ജോലി സ്ഥലത്ത് ഇടപെടാന്‍ എന്ന് ഇരു സംഭവങ്ങളും തെളിയിക്കുന്നു.