ന്യൂയോര്‍ക്ക്: വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ ഫലം കാണുന്നതായി സൂചന. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ആയൂര്‍ദൈര്‍ഘ്യം മുപ്പത്തഞ്ച് ശതമാനം വര്‍ദ്ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. പ്രായം കൂടുന്തോറും ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുകയാണ് ഈ ചികിത്സയിലെ പ്രധാന കര്‍മം. ഇത്തരം കോശങ്ങള്‍ ശരീരത്തെ നശിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പരീക്ഷണം ജനിതക വ്യതിയാനം വരുത്തിയ എലികളില്‍ നടത്തിയപ്പോള്‍ ആശാവഹമായ ഫലമാണ് ലഭിച്ചത്. ചികിത്സയ്ക്ക് വിധേയമായ എലികള്‍ ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ കൂടുതല്‍ കാലം ജീവിച്ചു. പല തരത്തിലും ഇവ മികച്ച ആരോഗ്യവും ഉളളവയായിരുന്നു.
പരീക്ഷണത്തിന് വിധേയമായ എലികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയും പ്രകടിപ്പിച്ചു. ഇവയുടെ വൃക്കകളും ഹൃദയവും സാധാരണ നിലയില്‍ വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിയവയേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും നിരീക്ഷിക്കപ്പെട്ടു. ഇവയുടെ ശരീര കോശങ്ങള്‍ക്ക് നാശമുണ്ടായില്ലെന്നു മാത്രമല്ല ട്യൂമറുകളും ഇവയില്‍ ഉണ്ടായില്ല.

ഈ കണ്ടുപിടുത്തം മനുഷ്യര്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോള്‍ യാതൊരു ഉറപ്പും പറയാനാകുന്നില്ല. എന്നാല്‍ മനുഷ്യനില്‍ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന കോശങ്ങളെ വളരെക്കാലമായി ഗവേഷകര്‍ തടിക്കൊണ്ടിരിക്കുകയാണ്. ഇവയെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ യൗവനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.ഡാരന്‍ ബേക്കറാണ് മയോ ക്ലിനിക് സംഘം എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. സെന്‍സസെന്റ് കോശങ്ങളെ നീക്കം ചെയ്താല്‍ വാര്‍ദ്ധക്യത്തെ തടയാനാകുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മഹത്യാ ജീനുകള്‍ ഉപയോഗിച്ച് ജനിതക വ്യതിയാനം വരുത്തിയ എലികളിലാണ് പരീക്ഷണം നട്ത്തിയത്. സെന്‍സസെന്റ് കോശങ്ങളെ സ്വയം നശിപ്പിക്കാനുളള കഴിവ് ആത്മഹത്യ ജീനുകള്‍ക്കുണ്ടായിരുന്നു. ചികിത്സയ്ക്ക് യാതൊരു ദോഷകരമായ പാര്‍ശ്വഫലങ്ങളില്ലെന്നും സംഘം അവകാശപ്പെടുന്നുണ്ട്. ജനിതക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത ഇത്തരം ഗവേഷണ സാങ്കേതികതകള്‍ പക്ഷേ നേരിട്ട് മനുഷ്യരില്‍ പരിശോധിക്കാന്‍ സാധ്യമല്ലെന്നും ഡോ. ബേക്കര്‍ വ്യക്തമാക്കി.