ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയിലെ വേലികളില്ലാത്ത മേഖലകളില്‍ ലേസര്‍ ഭിത്തികള്‍ നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നുഴഞ്ഞ് കയറ്റക്കാരെ തടയുക എന്നതാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശം. അതിര്‍ത്തി രക്ഷാ സേന വികസിപ്പിച്ചെടുത്ത ഈ സാങ്കേതികത പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാകും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കടന്നുകയറ്റത്തിനുളള സാധ്യത ഇതുവഴി തടയാനാകുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.
ലേസര്‍ സോഴ്‌സിന് അപ്പുറത്ത് കൂടി കടന്ന് പോകുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. ആരെങ്കിലും അതിര്‍ത്തി കടന്നെത്തിയാല്‍ ഇതില്‍ നിന്ന് അലാറം മുഴങ്ങും. നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നാണ് സൂചന. ബാമിയാലിലെ ഉജ്ജ് നദി കടന്നാണ് ആറ് ഭീകരര്‍ പത്താന്‍കോട്ടിലേക്ക് എത്തിയത് എന്നാണ് നിഗമനം. അത് കൊണ്ടുതന്നെ ലേസര്‍ ഭിത്തികള്‍ നദികളെ കേന്ദ്രീകരിച്ചാകും സ്ഥാപിക്കുക. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിലും പക്ഷേ ഭീകരരുടെ സൂചന റെക്കോര്‍ഡ് ചെയ്തിട്ടില്ല. ഈ ഭാഗത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ലേസര്‍ ഭിത്തി സ്ഥാപിച്ചിരുന്നു.

ജമ്മുകാശ്മീര്‍ സെക്ടറിലെ നദീതടത്തിനരികെ ഇത്തരത്തിലുളള ലേസര്‍ ഭിത്തികള്‍ കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപിച്ചിരുന്നു. ഗുര്‍ദാസ്പൂരില്‍ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥാപിച്ചത്. ബാമിയാലിലെ നദിക്കിരുവശവും ബിഎസ്എഫ് പോസറ്റുകളുണ്ട്. ഇവിടെ ഒരാള്‍ എപ്പോഴും കാവലുണ്ടാകും. ഹൈ മാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയിലെപ്പോഴോ ബിഎസ്എഫുകാരുടെ കണ്ണ് വെട്ടിച്ച് വറ്റിയ നദീതടത്തിലൂടെ ഭീകരര്‍ നടന്ന് രാജ്യത്തേക്ക് കയറിയതാകാമെന്നാണ് അനുമാനിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബോട്ട് പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്.