ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് സഹായകമായ പുതിയ നിയമം വരാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഏഴു ദിവസവും തുറക്കുന്നതിനാല്‍ പലപ്പോഴും ഞായറാഴ്ചകളില്‍ അവധിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മിക്ക എംപ്ലോയര്‍മാരും അതിന് അനുവദിക്കാത്ത അവസ്ഥയാണിന്ന് നിലവിലുള്ളത്. എന്നാല്‍ പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഞായറാഴ്ച ഹോളിഡേ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവകാശമുറപ്പാകും. ഇതനുസരിച്ച് ഒരു മാസം മുമ്പ് നോട്ടീസ് കൊടുത്താല്‍ അവധി നല്‍കിയേ മതിയാവൂ എന്നും നിയമം അനുശാസിക്കുന്നു.ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്നുള്ള നിഷ്കര്ഷയെ പുതിയ നിയമത്തിലൂടെ നിരസിക്കാന്‍ ഷോപ്പ് വര്‍ക്കര്‍മാര്‍ക്ക് ഈ നിയമത്തിലൂടെ കഴിയും. കുടുംബത്തോടൊപ്പം ചെലവഴിക്കാനും മതപരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിനുമായി ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് മാറി നില്ക്കാന് തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വലിയ സ്റ്റോറുകളിലെ ജീവനക്കാര്‍ ഞായറാഴ്ചകളില്‍ അവധി ലഭിക്കണമെങ്കില്‍ മൂന്ന് മാസം മുമ്പ് ബോസുമാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അതിപ്പോള്‍ ഒരു മാസമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. ടോറി എംപിമാരുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കവെയാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
വലിയ സ്റ്റോറുകള്‍ ഞായറാഴ്ചകളില്‍ ആറ് മണിക്കൂറുകളിലധികം തുറക്കരുതെന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ആ നിയന്ത്രണം എടുത്ത് മാറ്റാന്‍ ഇപ്പോള്‍ പുതിയ നിയമ പ്രകാരം തങ്ങളുടെ പ്രദേശത്ത് പ്രസ്തുത നിയന്ത്രണം റദ്ദാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കാനും ആലോചിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ സയമം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി അസ്ദ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും ഡിഐവൈ വെയര്‍ ഹൗസുകളും ഗാര്ഡന് സെന്ററുകളും മന്ത്രിമാര്‍ക്ക് മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ എന്റര്‍പൈസ് ബില്ലിലാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്. ഇത് അധികം വൈകാതെ പാര്‍ലിമെന്റിന് മുന്നിലെത്തുന്നതാണ്.