കണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാവിലെ പതിനൊന്നോടെ നഗരസരഭാ ഓഫിസിലെത്തി സെക്രട്ടറി പി രാധാകൃഷ്ണനാണ് ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറിയത്. ചന്ദ്രശേഖരന്റെ സഹോദരന്‍ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഫസല്‍വധക്കേസില്‍ പ്രതികളായ കാരായി രാജന്‍മാര്‍ക്ക് കണ്ണൂരില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
തലശേരി ഏരിയ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ രാജി. കാരായി രാജന്‍ നേരത്തെ രാജിവെച്ചിരുന്നെങ്കിലും ചന്ദ്രശഖരന്റെ കാര്യത്തില്‍ തലശേരി ഏരിയകമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കാരായിമാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാനായിരുന്നില്ല. കോടതിയുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് സി.പി.ഐ.എം വിലയിരുത്തിയിരുന്നു.

എറണാകുളം ജില്ല വിട്ടുപോകരുതെന്നു ജാമ്യവ്യവസ്ഥയില്‍ ഉള്ളതിനാല്‍ കാരായി സഹോദരന്‍മാര്‍ ഇപ്പോള്‍ എറണാകുളത്താണ് തങ്ങുന്നത്. ജനപ്രതിനിധികളായ കാരായി സഹോദരന്‍മാര്‍ ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് എത്തിയിരുന്നു.