ലണ്ടന്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടും ബ്രിട്ടന്‍ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. 2011 സെപ്റ്റംബര്‍ മുതല്‍ 2015 വരെ യുകെ ബഹ്‌റൈന് 45 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ കൈമാറിയതായാണ് കണക്ക്. അറബ് വസന്തത്തെ അധികൃതര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് പേരെ ജയിലിലും അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനും ബഹ്‌റൈനും തമ്മിലുളള ആയുധ ഇടപാടുകളിലും വന്‍ വര്‍ദ്ധനയുണ്ടായതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു.
ബഹ്‌റൈനില്‍ ഒരു നാവിക ആസ്ഥാനം സ്ഥാപിക്കാനും ബ്രിട്ടന്‍ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതികള്‍ ബഹ്‌റൈനിലെ നികുതി ദായകര്‍ക്ക് ഏറെ സഹായകമാകുമെന്നാണ് ബ്രിട്ടന്റെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സഹായങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. അറബ് വസന്തത്തിന്റെ ഓര്‍മകള്‍ പുതുക്കാന്‍ രാജ്യത്ത് വിവിധ പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു.
മെഷീന്‍ ഗണ്ണുകളും തോക്കുകളും അടക്കമുളള ആയുധങ്ങളാണ് ബഹ്‌റൈന് നല്‍കിയതെന്നും ആയുധ വ്യാപാര വിരുദ്ധ പ്രചാരക സംഘം പറഞ്ഞു. അറബ് വസന്തത്തിന് മൂന്ന് വര്‍ഷം മുമ്പ് വരെ ഇരുരാജ്യങ്ങളും തമ്മിലുളള ആയുധ ഇടപാടുകള്‍ വെറും ആറ് മില്യന്‍ പൗണ്ട് മാത്രമായിരുന്നു. സൗദി അറേബ്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ കവചിത വാഹനങ്ങളും അവര്‍ ബഹ്‌റൈന്റെ സംരക്ഷണത്തിന് വേണ്ടി വിട്ടു നല്‍കിയിരുന്നു. രാജ്യത്ത് ഉയര്‍ന്നു വന്ന ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഇതിലൂടെ ബഹ്‌റൈന്‍ രാജവംശത്തിന് കഴിഞ്ഞു. രാജ്യത്തെ ഷിയാ മുസ്ലീങ്ങളാണ് പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത്. സര്‍ക്കാരിന്റെ പ്രത്യാക്രമണങ്ങളില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ഡോക്ടര്‍മാരെപ്പോലും അധികാരികള്‍ പീഡിപ്പിച്ചു.
സമരം നയിച്ച പലരും ഇന്നും ജയിലിലാണ് ഇവരെ പുറത്തിറക്കണമെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സമരത്തില്‍ പങ്കെടുത്തതിന് ബഹ്‌റൈനില്‍ നിന്ന് നാടുകടത്തിയ ഇസാ ഹൈദര്‍ അലാലി പറഞ്ഞു. തനിക്ക് പഠനത്തിനുളള രണ്ട് വര്‍ഷം നഷ്ടമായി. ഇപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തന്നെപ്പോലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായതായും ഇസ പറഞ്ഞു. 2013ല്‍ അറസ്റ്റ് ചെയ്യപ്പെട്ട താന്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്നാണ് ഇരയായത്. നടക്കാനോ ഇരിക്കാനോ കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു താനെന്നും ഇസ വ്യക്തമാക്കി. കുളിക്കാനോ ഡോക്ടറെ കാണാനോ പോലും അധികൃതര്‍ അനുവദിച്ചില്ല. മൂന്ന് മാസത്തിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടതെന്നും ഈസ വ്യക്തമാക്കി..