ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഖുല്‍ഭൂഷന്‍ അറസ്റ്റിലായത്.

മുംബൈ പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുധീര്‍ ജാദവിന്റെ മകനാണ് ഇദ്ദേഹം. നാവിക സേനയില്‍ നിന്നും സ്വയം വിരമിച്ച് ബിസിനസ് നടത്തുകയായിരുന്നു ഖുല്‍ഭൂഷനെന്നാണ് കുടുംബം പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ ബിസിനസ് ട്രിപ്പ് നടത്താറുള്ളയാളാണ് ജാദവെന്നും പാക്കിസ്ഥാനിലെത്തിയതും ഇങ്ങിനെയാണെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ റോയുടെ ഏജന്റാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. തുടര്‍ന്ന് താന്‍ ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന ഖുല്‍ഭൂഷന്റെ വീഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഒരു ഏജസിയുമായി ജാദവിന് ബന്ധമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ നാവിക സേവനം മതിയാക്കി പോയയാളെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.