കേരളത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്താനും എന്‍ഡിഎ വിപുലീകരിക്കാനുമുള്ള നിര്‍ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഇടത് സര്‍ക്കാരിനെതിരായ ആയുധമാക്കി ശക്തമായ പ്രചാരണം നടത്തുമെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി
ഇടത് പാര്‍ട്ടികളും ബിജെപിയും തമ്മിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപോരാട്ടമെന്ന് ബിജെപി ദേശീയ നേതൃത്വം അവകാശപ്പെടുന്നു. ശശി തരൂര്‍ അടക്കം നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിക്കുകയും ശശി തരൂര്‍ ഇത് നിഷേധിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നടക്കം പ്രമുഖ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിപാടികളും പദ്ധതികളും ബിജെപി നേതൃത്വം ആസൂത്രണം ചെയ്യും. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ മാറ്റിനിര്‍ത്തില്ലെന്നും മുരളീധര്‍ റാവു പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളും ജിഷ്ണു പ്രണോയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളും ഇടത് സര്‍ക്കാരിനെതിരായ ആയുധമാക്കുമെന്നും മുരളീധര്‍ റാവു പറഞ്ഞു.
Leave a Reply