ലീഡ്‌സ്. എന്നും പുതുമകള്‍ തേടുന്ന ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ സമൂഹം കര്‍ത്താവിന്റെ ഉയിര്‍പ്പും പുതുമ നിറഞ്ഞതായി തന്നെ ആഘോഷിച്ചു. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ക്കിടയിലാണ് വിശ്വാസികളെ ഒന്നടങ്കം അതിശയത്തിലാക്കിയ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം നടന്നത്. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഒരു പറ്റം കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം വിശ്വാസികളുടെ മനസ്സിനെ രണ്ടായിരം വര്‍ഷത്തിലധികം പിറകിലെത്തിച്ചു. സഭാ വിശ്വാസത്തെ അടുത്തറിയുവാന്‍ പുതിയ തലമുറയ്ക്ക് ലഭിച്ച ഒരവസരം കൂടിയായി ഈ ആവിഷ്‌ക്കാരത്തെ ലീഡ്‌സ് സമൂഹം കാണുന്നു.

[ot-video][/ot-video]

വൈകിട്ട് ഒമ്പത് മണിക്ക് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ റവ. ഫാ. സിബു കള്ളാംപറമ്പിലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ചാപ്ലിന്‍സിയുടെ കീഴിയുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. ഗായകര്‍ സ്വര്‍ഗ്ഗീയ പൊഴിച്ച ധന്യ നിമിഷത്തില്‍ വൈദീകര്‍ അന്നാപ്പെസഹാ പാടി കര്‍ത്താവിന്റെ ഉയിര്‍പ്പിനായുള്ള ദിവ്യബലി ആരംഭിച്ചു. സുവിശേഷ വായനക്കു ശേഷം ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളുമേന്തി പ്രദക്ഷിണം ദേവാലയത്തിന് പുറത്തു നടന്നു.

പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ഉയിര്‍പ്പിന്റെ സന്ദേശം നല്‍കി. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ശൂന്യമായ കല്ലറ കാണുവാന്‍ നമുക്ക് സാധിക്കണം. ഈശോമിശിഹായുമായിട്ട് ജീവിക്കുന്ന ബന്ധമുണ്ടാകണം. സജീവമല്ലാത്ത ബന്ധങ്ങള്‍ ക്രിസ്തീയ ജീവിതം നിര്‍ജ്ജീവമാക്കും. ഉത്ഥിതനായ ഈശോയില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ചുള്ള ജീവിതമായിരിക്കണം ക്രൈസ്തവര്‍ക്കുണ്ടാകേണ്ടത്. ഫാ. സ്റ്റാന്‍ലി തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ് നല്‍കി. തുടര്‍ന്ന് ഫാ. മാത്യൂ മുളയോലില്‍ തന്റെ ഇടവകയിലെ അജഗണങ്ങളുടെ കൂട്ടായ്മയെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം നോമ്പു മുറിക്കല്‍ ചടങ്ങ് നടത്തി. ചാപ്ലിന്‍സിയിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവന്ന ആപ്പവും പള്ളിക്കമ്മറ്റി പ്രത്യേകം തയ്യാറാക്കിയ ഇറച്ചിക്കറിയും ഫാ. മാത്യൂ മുളയോലിയും മറ്റ് വൈദീകരും ചെര്‍ന്ന് ആശീര്‍വദിച്ചു വിശ്വാസികള്‍ക്കായി നല്‍കി.

ലീഡ്‌സ് രൂപത, സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയം അനുവദിച്ചു നല്‍കിയ കാലം മുതല്‍ ദിനംപ്രതി ഈ ദേവാലയത്തില്‍ വിശ്വാസികളുടെ തിരക്കേറുകയാണ്. പ്രത്യേകിച്ച് പീഡാനുഭവയാഴ്ചകളിലെ തിരുക്കര്‍മ്മളില്‍ ദേവാലയം നിറഞ്ഞു കവിഞ്ഞിരിന്നു. സാഹചര്യത്തിന്റെ പരിമിതികളില്‍ ചാപ്ലിന്‍സിയുടെ പല വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും എത്താന്‍ പറ്റാതിരുന്ന വിശ്വാസ സമൂഹവും കൃത്യമായി വിശുദ്ധ കുര്‍ബനയില്‍ പങ്കുകൊള്ളുന്നതും, കൃത്യമായി അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്‌ക്കൂളുമെല്ലാം ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയൊലിയുടെ നേതൃത്വത്തില്‍ ലീഡ്‌സിലെ സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയെയും വളര്‍ച്ചയേയും എടുത്തുകാട്ടുന്നു. രാവേറെയായിട്ടും നടന്ന സ്‌നേഹക്കൂട്ടായ്മ അതിന് വ്യക്തമായ ഉദാഹരണമാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയായി.