ശശികലയും ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്നുംപുറത്തേക്ക്. തമിഴ് നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്നു.
19 April, 2017, 3:52 pm by News Desk 1

ചെന്നൈ ∙  തമിഴ്നാട്ടിൽ രാഷ്ട്രീയ വിസ്ഫോടനം. പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പുറത്താക്കിയെന്ന് മുതിർന്ന അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ‘‘ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ മുന്നോട്ടുപോകും. പാർട്ടിയെ നയിക്കാൻ പുതിയ സമിതി വരും’’– യോഗശേഷം ധനമന്ത്രി ഡി.ജയകുമാർ അറിയിച്ചു.

മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തീരുമാനത്തിനുണ്ടെന്നാണ് അവകാശവാദമെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണയ്ക്കുന്നതായാണു സൂചന. വെട്രിവേൽ, തങ്കത്തമിഴ്സെൽവൻ എന്നീ എംഎൽഎമാർ ദിനകരനു പരസ്യ പിന്തുണയുമായി രംഗത്തെത്തി.

കൂടുതൽ എംഎൽഎമാർ ഇവർക്കൊപ്പം ചേർന്നാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്നതിനാൽ അനുനയനീക്കം സജീവമാണ്. ഇതു വിജയിച്ചാൽ പനീർസെൽവം മുഖ്യമന്ത്രിസ്ഥാനത്തേക്കോ പാർട്ടി നേതൃസ്ഥാനത്തേക്കോ എത്തിക്കൂടെന്നില്ല.

പാർട്ടി സ്ഥാനാർഥിയായ ടി.ടി.വി. ദിനകരനു വേണ്ടി വോട്ടർമാർക്കു വൻതോതിൽ പണം നൽകിയെന്ന സൂചനകളെ തുടർന്ന് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുകഞ്ഞു തുടങ്ങിയ അമർഷമാണ് രാഷ്ട്രീയ പൊട്ടിത്തെറിക്കു വഴി തുറന്നത്.

അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം കിട്ടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കാൻ ദിനകരൻ ശ്രമിച്ചെന്ന ഡൽഹി ക്രൈംബ്രാഞ്ച് കേസ് കൂടി പുറത്തു വന്നതോടെ മുഖം നഷ്ടപ്പെട്ട ശശികല വിഭാഗം, പനീർസെൽവം പക്ഷവുമായി ലയനത്തിനു തയാറാണെന്നു പ്രഖ്യാപിച്ചതു തിങ്കളാഴ്ച രാത്രിയാണ്.

തങ്ങളും പനീർസെൽവം പക്ഷവും അണ്ണനും തമ്പിയുമാണെന്നു തിങ്കളാഴ്ച രാത്രി തന്നെ പളനിസാമി വിഭാഗം വ്യക്തമാക്കിയപ്പോൾ ചിന്നമ്മ പുറത്താകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.

ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കാതെ ഒത്തുതീർപ്പൊന്നുമില്ലെന്ന് ഒ. പനീർസെൽവം അറുത്തുമുറിച്ചു പറഞ്ഞതോടെ ഐക്യ ചർച്ചകൾ ഇന്നലെ പകൽ വഴിമുട്ടി.

ശശികല ജനറൽ സെക്രട്ടറിയായി തുടരുകയും ദിനകരൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയുമെന്ന ഒത്തുതീർപ്പു നിർദേശം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണു രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ യോഗം ചേർന്ന് ശശികലയെയും ദിനകരനെയും തള്ളിപ്പറയാൻ തീരുമാനിച്ചത്.

എളുപ്പമല്ല, സമ്പൂർണ ഐക്യം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും കൈകോർത്തെങ്കിലും ശശികല പക്ഷത്ത് ഇപ്പോഴുമുള്ള ഇരുപതോളം എംഎൽഎമാരെ കൂടി ഒപ്പം നിർത്താനായില്ലെങ്കിൽ അണ്ണാ ഡിഎംകെയിൽ അടുത്ത പിളർപ്പാകും സംഭവിക്കുക.

ഡിഎംകെയും കോൺഗ്രസും അടക്കമുള്ള മറ്റു പാർട്ടികളുടെ നിലപാട് വീണ്ടും പ്രസക്തമാകുകയും ചെയ്യും.  ശശികലയുടെ വിശ്വസ്തരായ 20 പേർ പിൻവാങ്ങിയാൽ സർക്കാർ പ്രതിസന്ധിയിലാകും. ശശികലയെ പിന്തുണയ്ക്കുന്ന മന്ത്രിമാർ- സി.വിജയഭാസ്കർ, ദിണ്ടിഗൽ സി.ശ്രീനിവാസൻ, ആർ.കാമരാജ്, ഉദുമലൈ കെ.രാധാകൃഷ്ണൻ.

തമിഴ്നാട് നിയമസഭ : 234

കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117

അണ്ണാ ഡിഎംകെ 135 (സ്പീക്കർ ഉൾപ്പെടെ)

പളനിസാമിയെ പിന്തുണയ്ക്കുന്നവർ 123

പനീർസെൽവത്തെ പിന്തുണയ്ക്കുന്നവർ 12

ഡിഎംകെ 89

കോൺഗ്രസ് എട്ട്

മുസ്‌ലിം ലീഗ് ഒന്ന്

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved