ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട്‌ലൻഡിൽ ഇനി കോവിഡ് പോസിറ്റീവ് ആയവർക്ക് സെൽഫ് ഐസലേഷനിൽ കഴിയേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് പിന്നാലെ കോൺടാക്ട് ട്രെയ്‌സിംങ്ങും നിർത്തി. അഞ്ചാം ആഴ്ചയും കോവിഡ്-19 അണുബാധ കുറഞ്ഞു. നിലവിൽ 25 പേരിൽ ഒരാൾക്കാണ് വൈറസ് ബാധ ഉള്ളത്. കഴിഞ്ഞ ആഴ്ച 19 ആളുകളിൽ ഒരാൾ എന്ന കണക്കിൽ നിന്നാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്. സ്കോട്ടിഷ് ഗവൺമെൻറ് മാർഗനിർദേശത്തിലെ മാറ്റത്തെത്തുടർന്ന് കോവിഡ് ലക്ഷണമുള്ളവർക്ക് ഇപ്പോൾ വീട്ടിൽ തുടരാനാകും. ടെസ്റ്റിംഗ് സെൻററുകൾ അടയ്ക്കുകയും മാസ് ടെസ്റ്റിംങ്ങുകൾ അവസാനിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നൽകുന്നതും ഇതിനോടകം അവസാനിച്ചു.

പ്രൊട്ടക്ട് സ്കോട്ട്‌ലൻഡ് ആപ്പ് വൈകാതെ ക്ലോസ് ചെയ്യും എന്നാൽ ഭാവിയിൽ ഈ ആപ്പിൻെറ ആവശ്യം ഉണ്ടായേക്കാം എന്ന് കരുതി ഉപയോക്താക്കളോട് തങ്ങളുടെ ഫോണിൽ ഈ ആപ്പ് നിലനിർത്തണം എന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്കോട്ട്‌ലൻഡിൻെറ ഔദ്യോഗിക കൊറോണ വൈറസ് രോഗലക്ഷണങ്ങളുടെ പട്ടിക ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്. പനി,തുടർച്ചയായ ചുമ, ഗന്ധമോ രുചിയോ തിരിച്ചറിയാനാവാത്ത അവസ്ഥ എന്നിവയാണ് യുകെയിൽ നിലവിലുള്ള കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ. അതേസമയം ശ്വാസതടസ്സം, കാരണങ്ങൾ ഇല്ലാത്ത ക്ഷീണം, ഊർജ്ജ കുറവ്, പേശിവേദന, അസാധാരണമായ വിശപ്പ്, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് സ്കോട്ട്‌ലൻഡ് പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ.