മുഹമ്മദ്‌ നബിയെ അപമാനിച്ചുവെന്ന് യുവാവിന്‍റെ പേരില്‍ വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതായി പരാതി. യുവാവ് ബഹറിനില്‍ അറസ്റ്റില്‍ ആയെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതായി ആരോപണം
27 April, 2017, 11:37 pm by News Desk 1

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് കാമില്‍ ഷാ എന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനെ ഫേസ്ബുക്ക് വഴിയാണു സിനു പരിചയപ്പെടുന്നത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന സംവാദത്തില്‍ സിനുവും മുഹമ്മദ് കാമില്‍ ഷായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംവാദത്തിനിടയില്‍ മുഹമ്മദ് കാമില്‍ ഷാ മോശമായ വാക്കുപയോഗിച്ചപ്പോള്‍ താനും അതേ രീതിയില്‍ തിരിച്ചു പറയുകയായിരുന്നു. എന്നാല്‍ പ്രവാചകനുമായി ബന്ധപ്പെട്ട യാതൊന്നും അതിലുണ്ടായിരുന്നില്ലെന്നും സിനു പറയുന്നു. 

നീ ഇതിന് അനുഭവിക്കും, നോക്കിയിരുന്നോ എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷായുടെ ഭീഷണി. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലിലും മുഹമ്മദ് കാമില്‍ ഷാ അഡ്മിനായ ‘ഈ മൗനം അപകടം’ എന്ന പേജിലും പ്രവാചകനെ സിനു ആക്ഷേപിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി സിനു ഇട്ട കമന്റുകളെന്ന രീതിയിലും പ്രചരണം വ്യാപകമായി. ഇത് ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതോ, തന്റെ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ചോ ചെയ്തതായിരിക്കാമെന്നു സിനു പറയുന്നു.

വ്യാജപ്രചാരണത്തിനു പിന്നാലെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴിയും ഫോണ്‍ വഴിയും കൊന്നുകളയുമെന്നതടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നു സിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവാചകനെ തെറിവിളിച്ച നിനക്ക് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് എന്തു നഷ്ടം സംഭവിച്ചാലും ശരി, അതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചത്. സിനു നബിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്ത് അപമാനിച്ചതും പുറം ലേകത്തെ അറിയിച്ചത് താനാണെന്നും മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യുവമോര്‍ച്ചയുടെ തിരുവല്ല ടൗണ്‍ കമ്മിറ്റി അംഗമായ തനിക്ക് മറ്റ് മതങ്ങളോട് ആദരവാണുള്ളതെന്നും ഇതര മതങ്ങളിലെ ആളുകളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനു വ്യക്തമാക്കുന്നു. മുസ്ലീം സുഹൃത്തുക്കള്‍ ആണ് തനിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസില്‍ പരാതി നല്‍കിയതും അവര്‍ പറഞ്ഞിട്ടാണ്. തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു നല്‍കിയ പരാതി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഇതിനു ശേഷം മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലും ”ഈ മൗനം അപകടം” എന്ന പേജും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ സിനു പ്രവാചകനിന്ദയ്ക്ക് ബഹ്‌റൈനില്‍ അറസ്റ്റിലായെന്നും പ്രചരണം നടന്നു. താന്‍ ഇപ്പോഴും ബഹ്‌റൈനില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നു കരുതിയാണ് വ്യാജപ്രചരണമെന്നും ഇതിന്റെ പേരില്‍ താന്‍ ബഹ്‌റൈനില്‍ അറസ്റ്റിലാകും എന്നാണ് അവര്‍ കരുതിയതെന്നും സിനു പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാനാണ് സിനുവിന്റെ തീരുമാനം.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS
Copyright © . All rights reserved