ലണ്ടന്‍: 2020-21 വര്‍ഷത്തില്‍ അവസാനിക്കുന്ന ദശകത്തില്‍ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്നത് 12 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലെന്ന് വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ കൊണ്ടുവരുന്ന ശമ്പള നിയന്ത്രണങ്ങള്‍ ആരോഗ്യ മേഖലയില് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 22,000 പൗണ്ട് വരെ വരുമാനമുള്ള 6,25,000 എന്‍എച്ച്എസ് ജീവനക്കാരുടെ വരുമാനത്തില്‍ 2010-11നും 2020-21നുമിടയില്‍ 12 ശതമാനം കുറവുണ്ടാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

തിങ്ക്ടാങ്കായ ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ബാന്‍ഡ് 5നും അതിനു മുകളിലും ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളത്തിലാണ് ഏറ്റവും വലിയ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. 3,15,000 നഴ്‌സുമാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവര്‍ക്ക് പ്രതിവര്‍ഷം ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. 2010ല്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ശമ്പളത്തില്‍ 6 ശതമാനം കുറവ് വരുത്തിയിരുന്നു.

മിഡൈ്വഫുമാരുടെ ശമ്പളത്തില്‍ 6 ശതമാനം കുറവാണ് വരുത്തിയത്. ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് വിസിറ്റേഴ്‌സിനും 8 ശതമാനവും 12 ശതമാനവും കുറവ് വരുത്തിയിരുന്നു. 2020ഓടെ 42,000 നഴ്‌സുമാരുടെ കുറവ് ഈ പ്രശ്‌നം മൂലം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇപ്പോള്‍ത്തന്നെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ എന്‍എച്ച്എസിന് ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി എത്രമാത്രം രൂക്ഷമായിരിക്കുമെന്ന് പറയാനാവില്ല.