ലണ്ടന്‍: യു.കെയിലെ വിദ്യഭ്യാസ മേഖലയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നതോടെയാണ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ലണ്ടനിലെ പ്രൈമറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ വേതനം കുറവ് സ്വീകരിക്കാമെന്ന് സ്വമേധയാ തീരുമാനമെടുത്തിട്ടുണ്ട്. ഇത് ക്ലാസ് റൂം അസിസ്റ്റന്റുമാരുടെ തസ്തിക നിലനിര്‍ത്താനായി സ്‌കൂളിനെ സഹായിക്കും. വേതനത്തില്‍ 20 ശതമാനം കുറവ് സ്വീകരിക്കാനാണ് അഞ്ച് അധ്യാപകര്‍ തീരുമാനമെടുത്തത്. വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടായിരിക്കും വേതന ഇനത്തില്‍ ഇവര്‍ എല്ലാവരും കൂടി കുറവ് വാങ്ങിക്കുന്നത്.

സൗത്ത് ലണ്ടനിലെ ഫ്യൂസെഡൗണ്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ് സഹപ്രവര്‍കരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനായി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സ്‌കൂളിലെ പ്രധാന അധ്യാപക മോണിക്ക കിച്‌ലോ വില്‍സണ്‍ തന്റെ സഹപ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ കുട്ടികളെ ആവശ്യങ്ങള്‍ക്ക് അനുശ്രുതമായ സൗകര്യങ്ങളൊരുക്കാന്‍ ക്ലാസ് റൂം അസിസ്റ്റന്റുമാരില്ലാതെ തങ്ങള്‍ക്ക് കഴിയില്ല. താരതമ്യേന മികച്ചതല്ലാത്ത കരിക്കുലത്തില്‍ ചില തസ്തികകള്‍ ഇല്ലാതാകുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. 20 ശതമാനം വേതനം കുറവ് സ്വീകരിക്കാമെന്ന് അഞ്ച് അധ്യാപകരുടെ തീരുമാനം അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ നോക്കി കാണണമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ ചൂണ്ടിക്കാണിച്ചു.

നമ്മുടെ കുട്ടികള്‍ ഇന്ന് ലഭ്യമാകുന്നതിലും കൂടുതല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹരാണ്. അത് ലഭ്യമാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. രാജ്യത്തെ വിദ്യഭ്യാസ മേഖലയില്‍ വകയിരുത്തപ്പെടുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഒരു കുട്ടിയുടെ മേല്‍ ചെലവഴിക്കുന്ന തുകയില്‍ എട്ട് ശതമാനത്തോളമാണ് കുറവ് കണക്കാക്കുന്നത്. ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസ്‌കാള്‍ സ്റ്റഡീസിന്റെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.