കേരളാ കോണ്‍ഗ്രസ് – മാണി വിഭാഗം ഇടതുപക്ഷത്തേക്കെന്ന്‍ സൂചന. മുന്നണി പ്രവേശം സംബന്ധിച്ച് മാണി ഗ്രൂപ്പും ഇടത് മുന്നണിയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ സ്കറിയാ തോമസ്‌, യു ഡി എഫ് സെക്രട്ടറി പദവി വഹിക്കുന്ന ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉള്‍പ്പെടെ ഒരു പാര്‍ട്ടിയായി ഇടത് മുന്നണിയുടെ ഭാഗമാകാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതോടെ നിയമസഭയില്‍ പ്രാതിനിധ്യമില്ലാതെ ഇടത് മുന്നണി പ്രവേശനം കാത്ത് കഴിയുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകും. അതേസമയം മാണി ഇടത് മുന്നണിയുടെ ഭാഗമായാല്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ മോന്‍സ് ജോസഫിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തെയും പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയെയും യു ഡി എഫിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ യു ഡി എഫും ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. മോന്‍സ് ജോസഫ് എം എല്‍ എ നിലവില്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല മുന്നോട്ട് പോകുന്നത്. ജോസ് കെ മാണി എം പിയുടെ ശ്രമഫലമായി കുറവിലങ്ങാട്‌ യാഥാര്‍ത്ഥ്യമാകുന്ന സയന്‍സ് സിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ അടുത്തിടെയായി മോന്‍സ് ജോസഫ് നടത്തിയ വിഫല നീക്കം ഇതിന് മുന്നോടിയാണെന്ന് പറയപ്പെടുന്നു. കടുത്തുരുത്തിയില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ മോന്സിന്റെ നീക്കം. മാണി ഗ്രൂപ്പ് ഇടത് മുന്നണിയില്‍ ചേരുമ്പോള്‍ പാര്‍ട്ടി വിടുകയാണെങ്കില്‍ മോന്‍സിന് നിയമസഭാംഗത്വം നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമ പ്രകാരം 3 ല്‍ 2 അംഗങ്ങളുടെ പിന്തുണയില്ലാത്ത കൂറുമാറ്റം അയോഗ്യതയ്ക്ക് കാരണമാണ്. അതിനാല്‍ മാണി ഗ്രൂപ്പ് ഇടതു മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ മോന്‍സ് ജോസഫ് അതിനെ എതിര്‍ത്ത് നിയമസഭാംഗത്വം രാജിവയ്ക്കാനാണ് സാധ്യത. രാജിവച്ച് വീണ്ടും മത്സരിച്ച് ജയിക്കാനാണ് മോന്സിന്റെ നീക്കം. ഇതിന് യു ഡി എഫിന്റെ പിന്തുണയുണ്ട്. ഒപ്പം പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് പക്ഷങ്ങളെ യു ഡി എഫിന്റെ ഭാഗമാക്കികൊണ്ടുള്ള തന്ത്രങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ രൂപം നല്‍കുന്നത്. അതേസമയം ഇനി യു ഡി എഫിലേക്ക് മടങ്ങുന്ന കാര്യം ചര്‍ച്ചയ്ക്ക് പോലുമില്ലെന്ന നിലയില്‍ കേരള കോണ്‍ഗ്രസ് തള്ളിയിരിക്കുകയാണ്. പകരം ഇടത് മുന്നണിയുമായി ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. സ്കറിയാ തോമസാണ് മാണി ഗ്രൂപ്പിനും സി പി എമ്മിനും ഇടയില്‍ ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. നിലവില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി തുടരാനാണ് സാധ്യത. മുന്നണിയുടെ ഭാഗമായാല്‍ ലഭിക്കാവുന്ന ലോക്സഭാ, നിയമസഭാ സീറ്റുകളുടെ കാര്യത്തിലും സ്ഥാനമാനങ്ങളുടെ കാര്യത്തിലും ധാരണയാകാനുണ്ട്. അടുത്തിടെ കെ എം മാണിയെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സംഘടനകളായ ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത കര്‍ഷക ഐക്യ വേദിയ്ക്ക് രൂപം നല്‍കിയിരുന്നു. നിലവില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കുന്ന സ്കറിയാ തോമസും ജോണി നെല്ലൂരും മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സഭാ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു ഈ നീക്കം. രാഷ്ട്രീയ താല്പര്യങ്ങളില്ലാതെ കര്‍ഷക താല്പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തിയുള്ള കൂട്ടായ്മ എന്ന നിലയിലായിരുന്നു പൊന്‍കുന്നം അനുഗ്രഹാ ഓഡിറ്റോറിയത്തില്‍ ഈ യോഗം ചേര്‍ന്നത്. എങ്കിലും കെ എം മാണിക്ക് അപ്രീതിയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഈ കൂട്ടായ്മയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ശ്രദ്ധേയമാണ്. പി സി ജോര്‍ജ്ജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി സി തോമസ്‌ എക്സ് എം പി എന്നിവരെയും അവരുടെ പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇന്‍ഫാവും കത്തോലിക്കാ കോണ്‍ഗ്രസും ഭാഗമായ ഒരു രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇടത് മുന്നണി ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. അതിനാല്‍ തന്നെ ഈ സംഘടനകള്‍ ഉള്‍പ്പെട്ട പുതിയ കൂട്ടായ്മയ്ക്ക് പിന്നിലും ഇടത് മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ നിഴലാട്ടം വ്യക്തമാണ്. അതിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് – ഇടത് മുന്നണി ചര്‍ച്ചകള്‍ പരസ്യമായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ