കോടനാടുള്ള ജയലളിതയുടെ എസ്‌റ്റേറിലെ കവര്‍ച്ചയ്ക്കിടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക കണ്ടെത്തല്‍. എസ്റ്റേറ്റില്‍ നിന്നു വിലപ്പെട്ട പലതും മോഷണം നടത്തിയ കവര്‍ച്ചക്കാര്‍ തടയാനെത്തിയ കാവല്‍ക്കാരെ ആക്രമിക്കുകയായിരുന്നു. അവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് മലയാളികളാണെന്നു വ്യക്തമായിരുന്നു. പ്രതികളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് തോര്‍ത്താണെന്നതാണ് കൗതുകകരം. കൊല്ലപ്പെട്ട കാവല്‍ക്കാരന്‍ ഓംബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കൈ കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്  കാവി നിറത്തിലുള്ള തോര്‍ത്താണ് മോഷ്ടാക്കര്‍ ഉപയോഗിച്ചത്. സ്ഥിരമായി മലയാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കാവി തോര്‍ത്താണ് അന്വേഷണം കേരളത്തിലേക്ക് നീളാന്‍ കാരണം. കേസില്‍ പത്തിലധികം പ്രതികള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ 11 ഓളം വരുന്ന പ്രതികളില്‍ പത്തു പേരും മലയാളികളാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള അളക്കരയിലെ കോട്ടേജിലാണ് മൂന്നു ദിവസമായി താമസിച്ചിരുന്നത്. കാവല്‍ക്കാരെ കെട്ടിയിടാന്‍ മാത്രമല്ല തല കീഴായി കെട്ടിത്തൂക്കാനുമെല്ലാം പ്രതികള്‍ ഉപയോഗിച്ചത് തോര്‍ത്താണ് വ്യക്തമായിരുന്നു. കൈയും കാലും കെട്ടിയ ശേഷമാണ് മോഷ്ടാക്കള്‍ അവരെ മരത്തിനു മുകളില്‍ കെട്ടിത്തൂക്കിയത്.കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ സയന് ഗൂഡാലോചനയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമെന്നു പോലീസ് കരുതുന്നു. ഒന്നാം പ്രതിയായിരുന്ന കനകരാജ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട്ട് വച്ചു മറ്റൊരു വാഹനാപകടത്തില്‍ സയനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയും കുഞ്ഞും അപകടത്തില്‍ മരിച്ചിരുന്നു.