അഹമ്മദാബാദ്: മദ്യപിച്ച് ലക്ക് കെട്ടെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകന് ജയ്മന്‍ പട്ടേലിനെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മദ്യലഹരിയില്‍ വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വിമാന ജീവനക്കാരും ഇയാളും തമ്മില്‍ വാക്കേറ്റവും നടന്നു. കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാനായി തിങ്കളാഴ്ച രാവിലെ ഗ്രീസിലേക്ക് പോകുന്നതിനായാണ് ജയ്മന്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്.
മദ്യലഹരിയില്‍ നടക്കാന്‍ പോലും കഴിയാത്ത ജയ്മന്‍ വീല്‍ ചെയറിലിരുന്നാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ജയ്മന്‍ ബഹളം വെക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവം ശരിയല്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഗാന്ധിനഗറില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടാണ് മകന്റെ യാത്ര റദ്ദാക്കേണ്ടി വന്നതെന്നും നിതിന്‍ പട്ടേല്‍ വിശദമാക്കി.
Leave a Reply