ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്ത് ബാബറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. സ്കോട്ട് ലൻഡിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ വെള്ളപ്പൊക്കം ഇതിനകം ബാധിച്ച അംഗസ്, അബർഡീൻഷെയർ ഭാഗങ്ങളിൽ ശനിയാഴ്ച 70-100 മില്ലിമീറ്റർ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഹൈലാൻഡ്‌സ്, നോർത്ത് ഈസ്റ്റ്‌, സ്കോട്ട്‌ലൻഡിന്റെ മധ്യ ഭാഗങ്ങൾ, ഇംഗ്ലണ്ടിന്റെ നോർത്ത്, ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്‌ഷെയറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് അലേർട്ട് നിലനിൽക്കുന്നു.

സ്കോട്ട് ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ മഴയ്ക്കും കാറ്റിനുമുള്ള യെല്ലോ അലേർട്ട് ഉണ്ട്. അതേസമയം, വെള്ളിയാഴ്ച ഷ്രോപ്‌ഷെയറിലെ ക്ലിയോബറി മോർട്ടിമർ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചു. ഒട്ടേറെ പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിൽ, റോഡുകളും പാലങ്ങളും തകർന്നു. ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലുമായി വെള്ളിയാഴ്ച രാത്രി 13,000 വീടുകളിൽ വൈദ്യുതിമുടങ്ങി.

റെഡ് അലർട്ട് ഏരിയയിൽ യാത്ര ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് വെള്ളിയാഴ്ച ലീഡ്‌സ് ബ്രാഡ്‌ഫോർഡ് വിമാനത്താവളം അടച്ചു. ഇന്ന് രാവിലെ വിമാനത്താവളം തുറക്കുമെന്നാണ് വിവരം.