‘ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കണ്ട അവസ്ഥ വന്നവരാണ് മലയാളികളായ ഇപ്പോളത്തെ സെലിബ്രറ്റികളിൽ മിക്കവരും അതിന്റെ അവസാനത്തെ ഇരയായി മാറിയത് ഇന്നലെ വിജയരാഘവനാണ് മരിച്ചോ എന്ന് ചോദിച്ചു വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്ക്’ . വിജയരാഘവന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനിടെ വിളിച്ചപ്പോഴാണ്, അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പറയുന്നു. ഇന്നലെ വൈകിട്ടു മുതലാണ് നടന്‍ വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘മൃതദേഹം’ കൊണ്ടുപോകുന്ന ആംബുലന്‍സിന്റെ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ സഹിതമാണ് വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. രാമലീലയില്‍ താന്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ത്ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് ഇനി എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അല്ലെങ്കില്‍ തന്നെ ആരാണ് ഇവിടെ നിയമം പാലിക്കുന്നത്? ഇതിനൊക്കെ എന്ത് നിയമമാണ് ഈ നാട്ടിലുള്ളത്’-വിജയരാഘവന്‍ ചോദിക്കുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി നല്‍കാനോ നിയമ നടപടി സ്വീകരിക്കാനോ ഒന്നും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെയൊക്കെ വെറുതെയങ്ങ് അവഗണിക്കാം അത് മാത്രമാണ് ഇതിനുള്ള വഴിയെന്നാണ് വിജയരാഘവന്റെ നിലപാട്. ദിലീപ് നായകനാകുന്ന രാമലീല നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയരാഘവനോടൊപ്പം മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക.
Leave a Reply