കൊച്ചി: ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍. പ്രാരംഭഘട്ടത്തിലെ നിയമനത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഒഴിവുകള്‍ ഭിന്നലിംഗക്കാര്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലേക്കുള്ള നിയമനത്തിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് അവസരം ലഭിക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവര്‍ക്ക് ഹൗസ്‌കീപ്പിങ്ങ് വിഭാഗത്തിലുമായിരിക്കും ജോലി ലഭിക്കുന്നത്.

ഭിന്നലിംഗക്കാര്‍ക്ക് അവകാശപ്പെട്ട തൊഴിലാണ് മെട്രോ നല്‍കുന്നതെന്നും ഇവരും മറ്റ് സ്ത്രീ ജീവനക്കാരും തമ്മില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന കാര്യം അദ്ദേഹം കൊച്ചി മെട്രോയുടെ ഔൃദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

രാജ്യത്ത് തന്നെ ആദ്യമായാണ്‌സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കുടുംബശ്രീ വഴി നിയമിക്കുന്ന 530 മെട്രോ ജീവനക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന.