‘സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും ഒന്നിക്കുന്നു’. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഈ വാർത്ത. ഒരു സിനിമാ വാരിക നൽകിയ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് സന്തോഷ് പണ്ഡിറ്റ് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു
‘തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാർഡ്. ആ കുട്ടിയെ ഞാൻ അറിയുക പോലുമില്ല’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഉരുക്കു സതീശൻ മാത്രമാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോൾ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. താൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താൻ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.
മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയിൽ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയിൽ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികൾ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് പണ്ഡിറ്റ് തമിഴ്-ഹിന്ദി സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്ത താരം നിഷേധിച്ചില്ല. ഒരു തമിഴ് സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരീകരിക്കാനുള്ള സമയമായില്ലെന്നും താരം വ്യക്തമാക്കി.
മമ്മൂട്ടിയോടൊപ്പമുള്ള സിനിമ കഴിഞ്ഞയുടൻ സന്തോഷ് പണ്ഡിറ്റും ‘ലേഡി സന്തോഷ് പണ്ഡിറ്റ്’ എന്നറിയപ്പെടുന്ന മിനി റിച്ചാർഡും ജോഡികളായി സിനിമ ചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. പതിവിന് വിപരീതമായി മിനി റിച്ചാർഡ് ആയിരിക്കും സിനിമ നിർമിക്കുകയെന്നും ന്യൂയോർക്കും ബെംഗളൂരുവുമൊക്കെയാണ് പ്രധാന ലൊക്കേഷൻ എന്നുമെല്ലാം വ്യാജ വാർത്ത പറയുന്നു.
ഒരറ്റ ആൽബം കൊണ്ട് ഏറെ ശ്രദ്ദേയയായ താരമാണ് മിനി റിച്ചാർഡ്. മിനിയുടെ ചില പ്രസ്താവനകളും ഏറെ വിവാദമായിരുന്നു. വായുവും വെള്ളവും പോലെയാണ് സെക്സ്, അത് ആസ്വാദിക്കാത്തവരെല്ലാം മണ്ടന്മാരാണ് എന്ന മിനിയുടെ പ്രസ്താവന നവമാധ്യങ്ങൾ ആഘോഷമാക്കിയിരുന്നു.
Leave a Reply