സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: സഭാ-സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ചാ വേദിയായ ”ക്‌നാനായ ദര്‍ശന്‍” പുതുചരിത്രമെഴുതി.

നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുന്ന സഭാ -സമുദായ പാരമ്പര്യങ്ങള്‍ മുറുകെപിടിച്ച് അഭംഗുരം സമുദായത്തനിമ നിലനിറുത്തുവാനും വരും തലമുറയ്ക്ക് മാര്‍ഗ്ഗദീപമാകുവാനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്നു ”ക്‌നാനായ ദര്‍ശന്‍”.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ സമുദായംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമായിരുന്നു യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദം നടത്തപ്പെടുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ ദര്‍ശന്‍ സംവാദത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി, സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ പ്രസിഡന്റുമാരായ ലേവി പടപുരയ്ക്കല്‍, ബെന്നി മാവേലി എന്നിവര്‍ ആശംസയര്‍പ്പിച്ചു.